2011, ജൂലൈ 14, വ്യാഴാഴ്‌ച

അമല വിനോദിന്‌ സ്വീകരണം നല്‍കി


തൊടുപുഴ : ദേശീയ തലത്തില്‍ സൈക്ലിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ അമല വിനോദിന്‌ കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജ്ജ്‌ യു.പി. സ്‌കൂളില്‍ സ്വീകരണം നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ്‌ നീറമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫിയ ബഷീര്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ഇടുക്കി വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി ടെലസ്‌ അറുകാലില്‍ ക്യാഷ്‌ അവാര്‍ഡ്‌ സമ്മാനിച്ചു. സംസ്ഥാന സൈക്ലിംഗ്‌ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ എന്‍. രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ ബേബി തോമസ്‌ കാവാലം, പത്മാവതി രഘുനാഥ്‌, പ്രോഗ്രാം കണ്‍വീനര്‍ പ്രൊഫ. അപ്രേം മണിപ്പുഴ, സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ പി.എം ദേവസ്യാച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലയിലെ കുട്ടികളുടെ പുരോഗതിക്ക്‌ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി വിദേശത്ത്‌ ജോലി ചെയ്യുന്നവരുടെ കൂട്ടായ്‌മയായ ഇടുക്കി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സമര്‍ത്ഥരായ കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുകയാണ്‌ സംഘടനയുടെ ലക്ഷ്യം. ഓരോ വര്‍ഷവും 200 ഓളം കുട്ടികള്‍ക്ക്‌ രണ്ട്‌ ലക്ഷം രൂപയിലേറെ നല്‍കി വരുന്നു. പഠന സഹായത്തിന്‌ പുറമേ കലാകായിക രംഗത്തുള്ളവര്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നുണ്ട്‌. ദേശീയ സൈക്ലിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജ്ജ്‌ സ്‌കൂളിലെ അമല വിനോദിന്‌ സൈക്കിള്‍ വാങ്ങുന്നതിന്‌ 75,000 രൂപയുടെ ധനസഹായം നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ടെലസ്‌ കെ. അറുകാലില്‍, വിജുലിന്‍ മാത്യു, പി.എസ്‌. മുരളി എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ