2011, ജൂലൈ 9, ശനിയാഴ്‌ച

ലൈംഗിക അതിക്രമം മഹാരാഷ്ട്ര ജാമ്യം ലഭിക്കാത്ത കുറ്റമാക്കുന്നു

മുംബൈ: സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്തുന്നവര്‍ക്ക് ജാമ്യം ലഭിക്കാത്ത തരത്തില്‍ നിയമം ഭേദഗതിചെയ്യാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ലൈംഗിക അതിക്രമങ്ങളും സ്ത്രീകളെ അപമാനിക്കാനുള്ള ശ്രമങ്ങളും ജാമ്യം ലഭിക്കാത്ത കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ശിക്ഷാ നിയമത്തിലെ 354 ാം വകുപ്പാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത്. മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീലിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച വൈകീട്ടുചേര്‍ന്ന ഉന്നതതല യോഗം ഈ വിഷയം ചര്‍ച്ച ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഉമേഷ്ചന്ദ്ര സാരംഗി, പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിമാര്‍, ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥര്‍, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി.എസ്.ദര്‍മ്മാധികാരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ആഭ്യന്തര മന്ത്രാലയം തയ്യാറാക്കുന്ന കരട് ബില്‍ ക്യാബിനറ്റ് ചര്‍ച്ച ചെയ്യും. നിയമസഭയില്‍ ചര്‍ച്ച ചെയ്തശേഷം ഭേദഗതികള്‍ വരുത്തി കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച നടപടികള്‍ വളരെവേഗം നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ