2011, ജൂലൈ 3, ഞായറാഴ്‌ച

പ്രഫ. ജോസഫിന്‌ രണ്ടാം ജന്മത്തിലെ ഒന്നാം പിറന്നാള്‍

പ്രഫ. ജോസഫിന്‌ രണ്ടാം ജന്മത്തിലെ ഒന്നാം പിറന്നാള്‍

Text Size:

പച്ചമാംസം തുന്നിക്കൂട്ടിയതിന്റെ മുറിവുകള്‍ ഉണങ്ങിക്കഴിഞ്ഞു... മതഭ്രാന്തന്‍മാര്‍ നമ്മുടെ നാടിനേല്‍പ്പിച്ച ആഴമേറിയ മുറിവോ? കാലം മായ്‌ക്കാത്ത മുറിവുകളില്ലെങ്കിലും ഒരു അധ്യാപകന്റെ ജീവിതം വെട്ടിമുറിച്ച കാപാലികരുടെ മനസു മാറിയിരിക്കാനിടയില്ല. എന്തായാലും പ്രഫ. ടി.ജെ. ജോസഫ്‌ തിരിച്ചുകിട്ടിയ ജീവിതത്തിന്റെ ഒന്നാംപിറന്നാളില്‍ പുതിയൊരു മനുഷ്യനായി പിച്ചവയ്‌ക്കുകയാണ്‌.

മുമ്പൊരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു- ''എന്നെ രക്ഷിച്ചത്‌ ഈ ആക്രമണമാണ്‌. അതിനു മുമ്പ്‌ ഞാന്‍ കുറ്റക്കാരനായിരുന്നു. അല്ലെങ്കില്‍ ചോദ്യക്കടലാസിലെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ച്‌ എന്നെ ഒരു വര്‍ഗീയവാദിയും മതവിദ്വേഷിയുമൊക്കെയാക്കി ജയിലില്‍ കിടത്തുമായിരുന്നു. ചോദ്യമിട്ട കൈകള്‍ക്കുനേരേ കോടാലി ഉയര്‍ന്നപ്പോള്‍ എന്റെ നിരപരാധിത്വമാണു സ്‌പഷ്‌ടമായത്‌. വെട്ടിയവരോട്‌ എനിക്കു വിദ്വേഷമോ പരിഭവമോ ഇല്ല. അറിവില്ലായ്‌മയാണ്‌ അവരെ അതു ചെയ്യിച്ചതെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു''

പള്ളിയില്‍ പ്രഭാതപ്രാര്‍ഥന കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി റോഡിലേക്കു വലിച്ചിഴച്ചു മാതാവിനും സഹോദരിക്കും മുന്നില്‍ ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റിയ കിരാതസംഭവത്തിനു നാളെ ഒരു വയസ്‌. ഒരുവര്‍ഷം അനുഭവിച്ചതീര്‍ത്ത വേദനകളൊന്നും ഇപ്പോള്‍ ജോസഫിനെ അലട്ടുന്നില്ല. നിരവധി ശസ്‌ത്രക്രിയകള്‍, തുടര്‍ചികിത്സ, എല്ലാത്തിനും പുറമേ സമൂഹമനഃസാക്ഷിയുടെ സ്‌നേഹപിന്തുണ...ജീവിതത്തിലേക്കു തിരിച്ചെത്തിച്ചത്‌ ഇതെല്ലാമാണെന്നു ജോസഫ്‌ പറയുന്നു. ഇപ്പോഴും രാപകല്‍ ജോസഫിനു പോലീസ്‌ സംരക്ഷണമുണ്ട്‌. എസ്‌.ഐ. ഉള്‍പ്പെടെ അഞ്ചുപേരാണു വീടിനു കാവല്‍. അവരൊക്കെ ഇപ്പോള്‍ തന്റെ കുടുംബാംഗങ്ങളെപ്പോലെയെന്നു ജോസഫ്‌.

തുടയില്‍നിന്നു മാംസമെടുത്താണ്‌ അറ്റുപോയ വലംകൈയില്‍ രണ്ടാമതു ശസ്‌ത്രക്രിയ നടത്തിയത്‌. മുറിവു ഭേദമായെങ്കിലും വിരലുകളുടെ സ്വാഭാവികചലനം വീണ്ടെടുക്കുക പ്രയാസം. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുമെന്നു ജോസഫ്‌. ഫിസിയോ തെറാപ്പിയിലൂടെ ചലനങ്ങള്‍ ഒരുപരിധിവരെ നിയന്ത്രിക്കാനാകും. വലംകൈ കൊണ്ട്‌ പേന പിടിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നും സങ്കടത്തോടെ ജോസഫ്‌ പറഞ്ഞു. ഈ കൈകൊണ്ട്‌ ഇനി നീ എഴുതരുതെന്നു പറഞ്ഞാണ്‌ അവര്‍ മഴു ഉയര്‍ത്തിയതെന്ന്‌ ഓര്‍മയുണ്ട്‌. വലംകൈ ഇത്രയെങ്കിലുമാകുമെന്നു വിചാരിച്ചില്ല. സ്വയം വാഹനമോടിക്കാന്‍ കഴിയുന്നുണ്ട്‌. ആശുപത്രിയിലേക്കുള്ള യാത്രകളില്‍ തനിയേയാണു ഡ്രൈവിംഗ്‌. വലംകൈയുടെ പ്രാരബ്‌ധം കണ്ട്‌ ഇടംകൈയെ അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും എഴുതാന്‍ പഠിപ്പിച്ചു. ഇപ്പോള്‍ എഴുത്തെല്ലാം ഇടംകൈ കൊണ്ടാണ്‌. വായനയുടെയും എഴുത്തിന്റെയും കാലമാണിനി. ചില പ്രസിദ്ധീകരണങ്ങള്‍ ആത്മകഥ ആവശ്യപ്പെട്ടിട്ടുണ്ട്‌. അതിനുവേണ്ടി സമയം നീക്കിവയ്‌ക്കണം.

ജോലി നഷ്‌ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസ്‌ ട്രിബ്യൂണലില്‍ നടക്കുകയാണ്‌. കിടപ്പിലായപ്പോള്‍ ഒരുപാടുപേര്‍ പണം തന്നു സഹായിച്ചു. സര്‍ക്കാര്‍ നാലുലക്ഷം രൂപ തന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അതിലേറെ നല്‍കി. അല്ലായിരുന്നെങ്കില്‍ ചികിത്സയ്‌ക്കും മറ്റുമായി കിടപ്പാടം വില്‍ക്കേണ്ടിവന്നേനേ. രണ്ടു കുട്ടികള്‍ പഠിക്കുകയാണ്‌. വീട്ടുചെലവിനും പണം വേണം. സര്‍വീസില്‍ ഉണ്ടായിരുന്നെങ്കില്‍ മാസം 80,000 രൂപ ശമ്പളം ലഭിക്കുമായിരുന്നു. 2013 മാര്‍ച്ചിലാണു വിരമിക്കേണ്ടിയിരുന്നത്‌. ജോലിയില്‍ തിരിച്ചെടുക്കണമെന്ന്‌ ആവശ്യപ്പെട്ടു ക്ഷമാപണക്കുറിപ്പുകള്‍ അയച്ചിരുന്നു. ന്യൂമാന്‍ കോളജ്‌ മാനേജ്‌മെന്റുമായി യാതൊരു പ്രശ്‌നവും നിലവിലില്ല. ട്രിബ്യൂണല്‍ തീര്‍പ്പിന്റെ അടിസ്‌ഥാനത്തിലായിരിക്കും ഭാവി. സിവില്‍ കേസായതിനാല്‍ ഇരുകൂട്ടരും വഴങ്ങിയാല്‍ കോടതിക്കു പുറത്തും ഒത്തുതീര്‍പ്പാക്കാം.

ഇപ്പോള്‍ ഞായറാഴ്‌ചകളില്‍ ഒരു അനാഥാലയത്തില്‍ വിദ്യാര്‍ഥികള്‍ക്കു ട്യൂഷനെടുക്കുന്നതാണു പ്രധാന പണി. എല്ലാദിവസവും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കു പോകും. ആഴ്‌ചയില്‍ ഒരിക്കല്‍ എറണാകുളത്തെ ആശുപത്രിയിലും ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്‌.

ഇത്രയൊക്കെയായിട്ടും തനിക്കെതിരേ തൊടുപുഴ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത ക്രിമിനല്‍ കേസ്‌ പിന്‍വലിക്കാത്തതില്‍ ജോസഫ്‌ ഖിന്നനാണ്‌. ചോദ്യവിവാദത്തേത്തുടര്‍ന്നു തൊടുപുഴയി ല്‍ കലാപമുണ്ടായതുമായി ബന്ധപ്പെട്ടാണു ജോസഫിനെതിരായ കേസ്‌. ഏതാനും ദിവസം ഒളിവിലായിരുന്നു. പിടിയിലായശേഷം ഒരുദിവസം ലോക്കപ്പിലും ഒരാഴ്‌ച സബ്‌ ജയിലിലും കഴിഞ്ഞു. പിന്നീടു ജാമ്യത്തിലിറങ്ങി.

കലാപത്തിന്റെ മുഖ്യകാരണം ജോസഫാണെന്നു പോലീസ്‌ പറയുമ്പോഴും അദ്ദേഹത്തിനെതിരേ ആരും പരാതിപ്പെട്ടിട്ടില്ല. ഇതുവരെ കുറ്റപത്രവും തയാറാക്കിയിട്ടില്ല.

കൈവെട്ടു സംഭവത്തിനു മുമ്പു തനിക്കു ഭീഷണിയുണ്ടെന്നു പോലീസില്‍ അറിയിച്ചെങ്കിലും അതവര്‍ കാര്യമായെടുത്തില്ലെന്നു വേണം കരുതാന്‍. കൃത്യം നടന്നശേഷം പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ പൂര്‍ണതൃപ്‌തനാണ്‌.

പ്രതികളെന്നു പോലീസ്‌ പറയുന്നവരോട്‌ ഒരു വിരോധവുമില്ല. കേസ്‌ അതിന്റെ പാട്ടിനു വിട്ടിരിക്കുകയാണ്‌. വിധിയെന്തായാലും അതെന്നെ അലട്ടുന്ന പ്രശ്‌നമല്ല.- ജോസഫ്‌ ആവര്‍ത്തിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ