2011, ജൂലൈ 7, വ്യാഴാഴ്‌ച

നൂതനമായ കായികപരിശീലന പദ്ധതിയുമായി വില്ലേജ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍


തൊടുപുഴ : അക്കാദമിക്‌ രംഗത്തെന്ന പോലെ കായിക പരിശീലനരംഗത്തും സുവ്യക്തമായ പാഠ്യപദ്ധതിയുമായി തൊടുപുഴ വില്ലേജ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പുതുമ നിറഞ്ഞ മാതൃക കാട്ടുന്നു. സാന്‍ഡിയാഗോ(യുഎസ്‌എ) യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച്‌ ഫിറ്റ്‌ കിഡ്‌സ്‌ ട്രെയിനിംഗ്‌ ആന്‍ഡ്‌ എഡ്യുക്കേഷന്‍ പ്രൈ.ലിമിറ്റഡ്‌ എന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ സ്ഥാപനം അവതരിപ്പിച്ച്‌ വിജയിപ്പിച്ച ലീപ്‌ സ്റ്റാര്‍ട്ട്‌ എന്ന രസകരമായ കായിക പാഠ്യപദ്ധതിയാണിവിടെ നടപ്പാക്കുന്നത്‌. കിന്റര്‍ഗാര്‍ട്ടണ്‍ ക്ലാസുകള്‍ മുതല്‍ നല്‍കി വരുന്ന പരിശീലനപദ്ധതി ചെറുപ്രായം മുതല്‍ തന്നെ കായികവിനോദമേഖലയില്‍ ശരിയായ ദിശയില്‍ ചുവടു വയ്‌ക്കാന്‍ അവരെ സഹായിക്കുന്നു. ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായി അങ്ങേയറ്റം ഉല്ലാസപ്രദമായ വിധത്തിലാണ്‌ ലീപ്‌ സ്റ്റാര്‍ട്ടിന്റെ പദ്ധതി രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. ഇതിനുവേണ്ടി പ്രത്യേകമായി നിര്‍മ്മിക്കപ്പെട്ട ഉകരണങ്ങള്‍ കൂടി ഉപയോഗിച്ചുകൊണ്ടാണ്‌ പരിശീലനം പുരോഗമിക്കുന്നത്‌. വോളിബോള്‍, ഫുട്‌ബോള്‍, ബാഡ്‌മിന്റണ്‍, ക്രിക്കറ്റ്‌, ഹോക്കി, ഗോള്‍ഫ്‌, ബൗളിംഗ്‌ അലയ്‌, തുടങ്ങി എല്ലാ വിധത്തിലുള്ള കായികവിനോദങ്ങളുടെയും അടിസ്ഥാനമായ മൂവ്‌മെന്റ്‌സ്‌ ആണ്‌ ഒരുപക്ഷേ അവര്‍ പോലുമറിയാതെ കുട്ടികള്‍ ഇതിലൂടെ സ്വായത്തമാക്കുന്നത്‌.

ഹൈസ്‌കൂള്‍ പ്രായമെത്തുമ്പോഴേക്കും മേല്‍പറഞ്ഞ കളികളില്‍ തികഞ്ഞ നിപുണതയോടെ പ്രഗത്ഭരാകാന്‍ ഇതുവഴി അവര്‍ക്കാകുന്നു എന്നതാണ്‌ ലീപ്‌ സ്റ്റാര്‍ട്ട്‌ പദ്ധതിയുടെ ഒരു നേട്ടം. ചെറുപ്പം മുതല്‍ക്കു തന്നെ ചിട്ടയായ വിധത്തില്‍ പിഴവുകള്‍ ഒഴിവാക്കി ഓരോ കുട്ടിക്കും സ്വന്തമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുക എന്നത്‌ ചെറിയ കാര്യമല്ല. നമ്മുടെ നാട്ടില്‍ ലീപ്‌ സ്റ്റാര്‍ട്ട്‌ വിപ്ലവകരമായ ഒരു പരിശീലനരീതിയാണ്‌ പരിചയപ്പെടുത്തുന്നത്‌. കേരളത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്‌ വില്ലേജ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്ന്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്‌.ബി ശശികുമാര്‍ പറഞ്ഞു. ലീപ്‌ സ്‌റ്റാര്‍ട്ട്‌ ട്രെയിനിംഗില്‍ വിദഗ്‌ധരായ പരീശീലകരെയാണ്‌ ഇതിനായി ഫിറ്റ്‌ കിഡ്‌സ്‌ ട്രെയിനിംഗ്‌ ആന്‍ഡ്‌ എഡ്യുക്കേഷന്‍ പ്രൈ.ലിമിറ്റഡ്‌ എന്ന സ്ഥാപനം സ്‌കൂളില്‍ നിയോഗിച്ചിരിക്കുന്നതെന്ന്‌ ലീപ്‌ സ്റ്റാര്‍ട്ട്‌ പ്രോഗ്രാം ഡയറക്‌ടര്‍ കിഷന്‍ വാബി പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിശീലനത്തെ ആസ്‌പദമാക്കി മൂല്യനിര്‍ണ്ണയം നടത്തപ്പെടുകയും കൃത്യമായ ഇടവേളകളില്‍ രക്ഷിതാക്കള്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്യുന്നതിലൂടെ കുട്ടികളുടെ കായികരംഗത്തെ മികവിനെപ്പറ്റിയും പുരോഗതിയെപ്പറ്റിയും വ്യക്തമായ ധാരണ ലഭ്യമാകുന്നത്‌ തീര്‍ച്ചയായും പ്രയോജനകരമാണെന്ന്‌ അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതിയുടെ ഭാഗമായ സ്‌പോര്‍ട്‌സിനെ കുട്ടിയുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന്‌ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍, വികസനോന്മുഖമായി ചിന്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുമായി കൈകോര്‍ത്ത്‌ നടപ്പില്‍ വരുത്തുക എന്നതാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ലീപ്‌ സ്റ്റാര്‍ട്ട്‌ സ്ഥാപകനും ചെയര്‍മാനുമായ ദേവ്‌ റോയ്‌ പറഞ്ഞു. കഴിവും അര്‍പ്പണബോധവുമുള്ള പരിശീലകര്‍, പഠനോപകരണങ്ങള്‍, സുസംഘടിതമായ പാഠ്യപദ്ധതി, മൂല്യനിര്‍ണ്ണയം എല്ലാറ്റിനുമുപരി തികഞ്ഞ പ്രഫഷണല്‍ സമീപനം ഇവയെല്ലാം ലീപ്‌ സ്റ്റാര്‍ട്ടിനെ വേറിട്ടു നിര്‍ത്തുന്നു എന്ന്‌ ലീപ്‌ സ്റ്റാര്‍ട്ട്‌ നടപ്പാക്കിയ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തുന്നു. ഡെല്‍ഹി സ്വദേശികളായ ദിവ്യദീപ്‌ ഹാഡ, ദിനേഷ്‌ ചന്ദ്‌ എന്നിവരാണ്‌ വില്ലേജ്‌ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പരിശീലനത്തിന്‌ നിയോഗിച്ചിരിക്കുന്നത്‌. പത്രസമ്മേളനത്തില്‍ വില്ലേജ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ ആര്‍.കെ ദാസ്‌, പ്രിന്‍സിപ്പല്‍ എസ്‌.ബി ശശികുമാര്‍, ഫിനാന്‍സ്‌ മാനേജര്‍ രാമചന്ദ്രന്‍, ലീപ്‌ സ്റ്റാര്‍ട്ട്‌ പ്രോഗ്രാം ഡയറക്‌ടര്‍ കിഷന്‍ വാബി, സെയില്‍സ്‌ മാനേജര്‍ ജോര്‍ജ്ജ്‌ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ