2011, ജൂലൈ 18, തിങ്കളാഴ്‌ച

നിസ്വാര്‍ഥ സേവനചരിത്രം തകര്‍ത്ത സഭാ മേലധ്യക്ഷന്മാര്‍‍‍ - കെ.എം.റോയ്‌

നിസ്വാര്‍ഥ സേവനചരിത്രം തകര്‍ത്ത സഭാ മേലധ്യക്ഷന്മാര്‍‍‍ - കെ.എം.റോയ്‌

ആര്‌ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ നടത്തിയാലും കേരളത്തിലെ ക്രൈസ്‌തവസഭകള്‍, പ്രത്യേകിച്ചു കത്തോലിക്കാ സഭ, ഇരുനൂറ്റമ്പതു വര്‍ഷത്തോളം സാമൂഹികരംഗത്തു നടത്തിയിട്ടുള്ള സേവനങ്ങള്‍ നിസ്‌തുലമാണ്‌, സമാനതകളില്ലാത്തതാണ്‌. ജാതിയും മതവും നോക്കാതെ നൂറുകണക്കിന്‌ അനാഥര്‍ക്കും വൃദ്ധന്മാര്‍ക്കും അന്ധര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും അഭയം നല്‍കി സംരക്ഷിച്ചത്‌ ഈ സഭകളാണ്‌. തെരുവിലുപേക്ഷിക്കപ്പെട്ട നൂറുകണക്കിന്‌ അനാഥ ശിശുക്കള്‍ക്കു സംരക്ഷണമേകി അവര്‍ക്കു പുതുജീവിതം നല്‍കിയതു ക്രൈസ്‌തവസഭകള്‍ ആരംഭിച്ച നൂറുകണക്കിന്‌ അനാഥാലയങ്ങളാണ്‌.

സമൂഹം ആട്ടിയോടിച്ച കുഷ്‌ഠരോഗികളെ ചീഞ്ഞളിഞ്ഞ വ്രണങ്ങളോടെ കൈകളില്‍ കോരിയെടുത്ത്‌ സ്വന്തം ആശുപത്രിയില്‍ കൊണ്ടുപോയിക്കിടത്തി ചികിത്സിച്ചതും നൂറുകണക്കിനു മനുഷ്യസ്‌നേഹികളായ മിഷനറിമാരും വൈദികരും കന്യാസ്‌ത്രീകളുമാണ്‌.

അതിനേക്കാള്‍ വിലപ്പെട്ട സേവനമാണ്‌ സവര്‍ണരായ ഹിന്ദുക്കള്‍ക്കല്ലാതെ വഴിനടക്കാന്‍പോലും അവകാശമില്ലാതിരുന്ന കാലത്ത്‌ ആയിരക്കണക്കിന്‌ അധഃകൃതര്‍ക്കും അവര്‍ണര്‍ക്കും സൗജന്യമായി ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നല്‍കി അവരുടെ കണ്ണ്‌ തെളിയിച്ചതുവഴി അവരെ മനുഷ്യരാക്കി മാറ്റിയ കാര്യത്തില്‍ ക്രൈസ്‌തവ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ചെയ്‌തത്‌. വിദ്യാലയങ്ങള്‍ക്കു പള്ളിക്കൂടമെന്ന പേരുവരാന്‍തന്നെ കാരണം സാധാരണക്കാര്‍ക്കുവേണ്ടി പള്ളിയോടൊപ്പം പാഠശാലയും വൈദികര്‍ തുടങ്ങിയതുകൊണ്ടാണ്‌. ആ അതിമഹത്തായ സേവനത്തിനു വൈദികര്‍ പണം കണ്ടെത്തിയതു നഗ്നപാദരായി വീടുവീടാന്തരം കയറിയിറങ്ങി പിടിയരിയും ചില്ലിക്കാശും സംഭാവനയായി വാങ്ങിയാണ്‌.

അന്നു മെത്രാന്മാരും വൈദികരും എളിമയുടെ കാണപ്പെട്ട രൂപങ്ങളായിരുന്നു. നിസ്വാര്‍ഥ സേവനത്തിന്റെ പ്രതിപുരുഷന്മാരുമായിരുന്നു. വിശ്വാസികളുടെ ദാസന്മാരായ സേവകരായിരുന്നു. അവരെയോര്‍ത്ത്‌ ഓരോ ക്രൈസ്‌തവ വിശ്വാസിയും അഭിമാനഭരിതനായിട്ടുണ്ട്‌. ഇന്നോ?

ഈ മെത്രാന്മാരുടെയും വൈദികരുടെയും സമൂഹത്തെയോര്‍ത്ത്‌ ഓരോ യഥാര്‍ഥ ക്രൈസ്‌തവവിശ്വാസിയും ഇന്നു ലജ്‌ജിച്ച്‌ തലതാഴ്‌ത്തുകയാണ്‌. കേരള സമൂഹത്തിലെ ഏറ്റവും വലിയ ചൂഷകരും ധനമോഹികളും കച്ചവടക്കാരുമായി മുഖ്യമായും കത്തോലിക്കാ മെത്രാന്മാരും വൈദികരും മാറിയിരിക്കുന്നു. അവരുടെ കച്ചവട മനോഭാവം സമൂഹത്തില്‍ അവരെ ഏറ്റവും വെറുക്കപ്പെട്ടവരായി മാറ്റിയിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ക്രൈസ്‌തവസഭാ പിതാക്കന്മാരെക്കുറിച്ച്‌ എന്താണു ചിന്തിക്കുന്നതെന്ന്‌ അവര്‍ക്കു മനസിലാക്കാന്‍ കഴിയുന്നില്ല. കാരണം ഈ മെത്രാന്മാരുടെ സംഘം സ്‌തുതിപാഠകരാലും വൈദികരാലും വലയംചെയ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലിരുന്ന്‌ ഏറ്റവും വലിയ അഴിമതിയും ചൂഷണവും നടത്തിയിട്ടുള്ള ഉദ്യോഗസ്‌ഥന്മാരില്‍ അധികവും റിട്ടയര്‍ ചെയ്‌തപ്പോള്‍ സമൂഹത്തില്‍ അംഗീകാരം നേടാന്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗം മെത്രാന്മാരുടെയും മറ്റും സേവകരായി മാറുകയാണ്‌. നിസ്വാര്‍ഥമായ സമൂഹ സേവനത്തില്‍ രണ്ടരനൂറ്റാണ്ടുകൊണ്ടു ക്രൈസ്‌തവ സഭ നേടിയ സല്‍പ്പേരാണു ധനമോഹികളായ സഭാപിതാക്കന്മാര്‍ ഒരു പതിറ്റാണ്ടുകൊണ്ട്‌ തല്ലിത്തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നത്‌.

അത്ര നികൃഷ്‌ടമാണ്‌ ഇന്നു കേരളത്തിലെ സഭാപിതാക്കന്മാര്‍ നടത്തുന്ന ഹീനമായ വിദ്യാഭ്യാസ കച്ചവടം. കത്തോലിക്കാ കോളജുകളും ഹൈസ്‌കൂളുകളും ഇന്നു വിദ്യാര്‍ഥി പ്രവേശനത്തിന്റെയും അധ്യാപക നിയമനത്തിന്റെയും കാര്യത്തില്‍ പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും ലേലംവിളി നടത്തുന്ന പരസ്യ ചന്തകളായി മാറിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ നഗ്നമായ ഈ അഴിമതിയുടെ പുതിയ സങ്കേതമായി മാറിക്കഴിഞ്ഞു കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍. എന്തിനു വേണ്ടിയാണ്‌, ആര്‍ക്കുവേണ്ടിയാണ്‌ മെത്രാന്മാരും വൈദികരും ഈ പണം വാരിക്കൂട്ടുന്നത്‌? ഏതു യഥാര്‍ഥ വിശ്വാസിക്കു വേണം പാപത്തിന്റെ കൊടുംകറ പുരണ്ട ഈ പണം? മറ്റു സമുദായങ്ങള്‍ നടത്തുന്ന സ്വാശ്രയ കോളജുകളില്‍ ഈ പിടിച്ചുപറി അതിന്റെ നേതാക്കള്‍ നടത്തുന്നില്ലെന്നോര്‍ക്കണം.

കേരളത്തില്‍ മെഡിക്കല്‍ കോളജുകളടക്കം സ്വാശ്രയ കോളജുകള്‍ തുടങ്ങിയതിന്‌ ഒരു ചരിത്രമുണ്ട്‌. അയല്‍ സംസ്‌ഥാനങ്ങളില്‍ ഈ മേഖലയില്‍ നിരവധി സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങി. പക്ഷേ, വിദ്യാഭ്യാസ കച്ചവടത്തെ വെറുത്തിരുന്ന കേരളത്തിലെ ജനങ്ങള്‍ ഈ സമ്പ്രദായത്തെ അനുകൂലിക്കുന്നവരായിരുന്നില്ല. പക്ഷേ, കേരളത്തില്‍നിന്ന്‌ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ അന്യ സംസ്‌ഥാനങ്ങളിലെ സ്വാശ്രയ കോളജുകളിലേക്കു പോകാന്‍ തുടങ്ങിയതോടെ ഇവിടെനിന്നു കോടിക്കണക്കിനു രൂപയാണ്‌ ഓരോ വര്‍ഷവും അങ്ങോട്ട്‌ ഒഴുകിക്കൊണ്ടിരുന്നത്‌. അതിനു വിരാമമിടുന്നതിനു വേണ്ടിയാണ്‌ സ്വാശ്രയ പ്രൊഫഷണല്‍ കോളജ്‌ സമ്പ്രദായം കേരളവും സ്വീകരിക്കാന്‍ തീരുമാനിച്ചത്‌.

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്‌ അദ്ദേഹം മനസില്ലാമനസോടെ ആ തീരുമാനത്തിനു വഴങ്ങിയത്‌. സര്‍ക്കാരിന്‌ ആവശ്യമായത്ര പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങാന്‍ സാമ്പത്തികശേഷി ഇല്ലെന്നതായിരുന്നു ഇതിനു കാരണം. ഓരോ സ്വാശ്രയ കോളജിലേയും അമ്പതു ശതമാനം സീറ്റുകള്‍ യോഗ്യതയുടെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ ലിസ്‌റ്റില്‍നിന്നു നികത്തണമെന്നായിരുന്നു മുഖ്യമന്ത്രി ആന്റണിയുടെ വ്യവസ്‌ഥ. എന്നുവച്ചാല്‍, രണ്ട്‌ സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളജ്‌ എന്ന വ്യവസ്‌ഥ. മെത്രാന്മാരുടേതടക്കമുള്ള എല്ലാ സ്വകാര്യ മാനേജ്‌മെന്റുകളും ഇതു സമ്മതിക്കുകയും കോളജുകള്‍ തുടങ്ങുകയും ചെയ്‌തു.

പക്ഷേ, കത്തോലിക്കാ മെത്രാന്മാര്‍ മാത്രം ആ വാക്കുപാലിക്കാന്‍ തയാറായില്ല. അവര്‍ക്കു പണത്തോടുള്ള ആര്‍ത്തി അത്ര ഭീകരമായിരുന്നു. ന്യൂനപക്ഷാവകാശ സംരക്ഷണമെന്ന പേരില്‍ നിയമത്തിന്റെ മുടിനാരിഴ കീറി നൂറുശതമാനം സീറ്റിലും പ്രവേശനം നടത്താന്‍ സഭാപിതാക്കള്‍ പഴുതു കണ്ടെത്തി. അങ്ങനെ നൂറു ശതമാനം സീറ്റും വിറ്റ്‌ സഭാപിതാക്കള്‍ പണം വാരിക്കൂട്ടി. ആന്റണിയുടെ രാഷ്‌ട്രീയ ജീവിതത്തില്‍ അദ്ദേഹത്തിന്‌ ഏറ്റവും വേദനയുണ്ടാക്കിയ സംഭവം ഇതായിരുന്നു. മെത്രാന്മാര്‍ നല്‍കിയ ഉറപ്പ്‌ എഴുതിവാങ്ങിയില്ല എന്ന തെറ്റ്‌. എ.കെ. ആന്റണി ഹൃദയവേദനയോടെ ഇക്കാര്യം എന്നോടു പറഞ്ഞിട്ടുണ്ട്‌.

കേരള മെത്രാന്‍ സമിതിയുടെ വക്‌താവായ ഒരു കത്തോലിക്കാ മെത്രാനോടു ഞാന്‍ ഇതേപ്പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി അങ്ങനെയൊരു ഉറപ്പ്‌ മെത്രാന്മാര്‍ ആന്റണിക്കു നല്‍കിയിട്ടേയില്ല എന്നാണ്‌. ഇക്കാര്യത്തില്‍ കള്ളം പറയുന്നതു മെത്രാന്മാരാണോ അതോ ആന്റണിയാണോ എന്നതിനെപ്പറ്റി കേരളത്തില്‍ ഒരു അഭിപ്രായസര്‍വേ നടത്തിയാല്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനം പേരും ആന്റണിയാണു സത്യം പറയുന്നതെന്ന്‌ ഉറപ്പിച്ചുപറയുമെന്നു ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞു. അദ്ദേഹം മൗനിയായിരുന്നതേയുള്ളു. മെത്രാന്‍ പറഞ്ഞതാണു ശരിയെന്നു പറയുന്ന ഒരു ശതമാനം പേര്‍ മിക്കവാറും ആ മെത്രാന്റെ ഡ്രൈവറോ അല്ലെങ്കില്‍ കപ്യാരോ ആയിരിക്കും. വയറ്റിപ്പിഴപ്പിന്റെ പേരിലായിരിക്കും അവര്‍ അതു പറയുക എന്നകാര്യം തീര്‍ച്ച. ദിവസവും രാവിലെ നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന മെത്രാന്മാരാണ്‌ ഇതൊക്കെ പറയുന്നതെന്നു നാമോര്‍ക്കണം.

ഇതു കേരളമാണ്‌. ഒടുവില്‍ അമ്പതു ശതമാനം മെറിറ്റടിസ്‌ഥാനത്തില്‍ എന്ന തത്വം അംഗീകരിക്കാന്‍ മെത്രാന്മാരും നിര്‍ബന്ധിതരാകുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. അതാണു സാമൂഹികനീതി. അക്കാര്യത്തിലാണിന്നു ജനരോഷം ആഞ്ഞടിക്കാന്‍ തുടങ്ങിയിരിക്കുന്നത്‌. കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാത്രമല്ല എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിന്റേതും ലീഗിന്റേതുമടക്കമുള്ള എല്ലാ വിദ്യാര്‍ഥിസംഘടനകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്‌. ഈ ബഹുജന പ്രസ്‌ഥാനങ്ങളുടേയും നീതിബോധമുള്ള മഹാഭൂരിപക്ഷം ക്രൈസ്‌തവരുടേയും വികാരത്തിനെതിരേ പിടിച്ചുനില്‍ക്കാന്‍ മതമേലധ്യക്ഷന്മാര്‍ക്ക്‌ അധികനാള്‍ കഴിയില്ല.

ഞങ്ങള്‍ ലക്ഷക്കണക്കിനു രൂപ മുടക്കിയാണ്‌ ഈ മെഡിക്കല്‍കോളജുകള്‍ നടത്തുന്നതെന്നാണു മെത്രാന്മാരുടെ വാദം. അതു ശരിതന്നെ. പക്ഷേ, മുടക്കിയ പണം ഒന്നോ രണ്ടോ കൊല്ലംകൊണ്ട്‌ മനുഷ്യരെ പിഴിഞ്ഞുണ്ടാക്കണമെന്ന വാദം മനുഷ്യത്വപരമാണോ? ലക്ഷക്കണക്കിനു രൂപ കോഴപ്പണം വാങ്ങി മെഡിക്കല്‍ കോളജില്‍ മെത്രാന്മാര്‍ പ്രവേശനം നല്‍കുന്ന വിദ്യാര്‍ഥികള്‍ ഡോക്‌ടര്‍മാരായി പുറത്തുവന്നാല്‍ അന്ത്യശ്വാസം വലിക്കുന്ന ഹതഭാഗ്യനായ രോഗിയുടെ കഴുത്തിനു കുത്തിപ്പിടിച്ചുപോലും തങ്ങള്‍ കൊടുത്ത കോഴപ്പണം മുതലാക്കാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടോ?

ഇതിനിടയിലാണു തൃശൂരിലെ ഒരു കത്തോലിക്കാ മെഡിക്കല്‍ കോളജ്‌ അധികാരികള്‍ പഠനാവശ്യത്തിനുവേണ്ടി സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു നല്‍കുന്ന അജ്‌ഞാത മൃതദേഹങ്ങള്‍ അന്യ സംസ്‌ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കു വലിയ കരിഞ്ചന്തയ്‌ക്കു വിറ്റു എന്ന ആരോപണം പുറത്തുവന്നിരിക്കുന്നത്‌. ആര്‍ക്കുവേണ്ടിയാണു സഭ ഈ പണമുണ്ടാക്കുന്നത്‌?

സാമൂഹിക വിപ്ലവം പ്രസംഗിക്കുന്ന കമ്യൂണിസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പരിയാരം സഹകരണ മെഡിക്കല്‍ കോളജ്‌ അധികൃതരും ഈ നികൃഷ്‌ടമായ വിദ്യാഭ്യാസ കച്ചവടമാണു നടത്തുന്നതെന്നു കേള്‍ക്കുമ്പോള്‍ ഏതു വിപ്ലവകാരിയുടെ ശിരസാണു താണുപോകാത്തത്‌? രാഷ്‌ട്രീയവും ഒരു കച്ചവടമായി മാറുന്ന കാലഘട്ടത്തില്‍ ഇതെല്ലാം കാണാന്‍ ജനങ്ങളും വിധിക്കപ്പെട്ടവരാണ്‌.

ഒരുകാര്യം സഭാ മേലധ്യക്ഷന്മാരും അവരുടെ പാദസേവകരായ ആശ്രിതസംഘവും മനസിലാക്കുന്നില്ല. റബര്‍വെട്ടുകാരും കടത്തുവള്ളം തുഴയുന്നവരും മീന്‍പിടുത്തക്കാരും കൂലിവേലക്കാരുമായ ലക്ഷക്കണക്കിനു ക്രൈസ്‌തവര്‍ക്കു സഭാപിതാക്കളുടെ ഈ വിദ്യാഭ്യാസ കച്ചവടത്തില്‍ ഒരു താല്‍പര്യവുമില്ല. കുറേ സമ്പന്നര്‍ക്കു വേണ്ടിയാണ്‌ ഈ പിതാക്കള്‍ നിലകൊള്ളുന്നതെന്നും അവര്‍ക്കറിയാം.

ലോകത്തിലെ ഏറ്റവും ധന്യവും അര്‍ഥപൂര്‍ണവുമായ പ്രാര്‍ഥന ഏതാണെന്നു കണ്ടെത്താന്‍ എല്ലാ മതങ്ങളുടെയും പണ്ഡിതന്മാര്‍ ഏതാനും വര്‍ഷം മുമ്പു പാരീസില്‍ സമ്മേളിച്ചു. മൂന്നു ദിവസത്തെ സമഗ്രമായ ചര്‍ച്ചകള്‍ക്കുശേഷം അവര്‍ കണ്ടെത്തിയ പ്രാര്‍ഥന കുരിശില്‍ കിടന്നുകൊണ്ട്‌ യേശുക്രിസ്‌തു തന്നെ ക്രൂശിച്ചവരെക്കുറിച്ച്‌ സ്വര്‍ഗത്തിലേക്കു നോക്കി നടത്തിയ പ്രാര്‍ഥനയാണ്‌.

''പിതാവേ, ഇവരോടു പൊറുക്കണമേ, എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവര്‍ അറിയുന്നേയില്ല.''

3 അഭിപ്രായങ്ങൾ:

  1. K.M റോയി ഇപ്പറയുന്നതിൽ ഒരു വാസ്തവവുമില്ല. ആരൊക്കെയോ പറയുന്നത് ആവർത്തിക്കുന്നു എന്നതിനപ്പുറം ഇക്കാര്യത്തിൽ ഒരു ഹോംവർക്കും റോയി നടത്തിയിട്ടീല്ല. കുറഞ്ഞ പക്ഷം ഇന്റർ ചർച് കൗൺസിലിന്റെ പ്രവേശന പ്രക്രിയയെങ്കിലും പരിശോധിച്ചിരുന്നെങ്കിൽ മെറിറ്റ് മാനദണ്ഡമാക്കുന്നില്ല എന്ന വിവരക്കേട് റോയി പറയുമായിരുന്നില്ല.

    ലേഖനങ്ങളിലെ അസംബന്ധങ്ങളീലേക്ക്....

    1. "ഓരോ സ്വാശ്രയ കോളജിലേയും അമ്പതു ശതമാനം സീറ്റുകള്‍ യോഗ്യതയുടെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ ലിസ്‌റ്റില്‍നിന്നു നികത്തണമെന്നായിരുന്നു മുഖ്യമന്ത്രി ആന്റണിയുടെ വ്യവസ്‌ഥ. മെത്രാന്മാരുടേതടക്കമുള്ള എല്ലാ സ്വകാര്യ മാനേജ്‌മെന്റുകളും ഇതു സമ്മതിക്കുകയും കോളജുകള്‍ തുടങ്ങുകയും ചെയ്‌തു. പക്ഷേ, കത്തോലിക്കാ മെത്രാന്മാര്‍ മാത്രം ആ വാക്കുപാലിക്കാന്‍ തയാറായില്ല."

    2001 ജൂലൈ 26 ലെയും, 2001 ആഗസ്റ്റ് 17 ലെയും ഹിന്ദു പരിശോധിക്കുക. ന്യൂനപക്ഷ കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നാണ് NOC കൊടുത്ത ശേഷം പത്രക്കാരോട് ആന്റണി പറയുന്നത്. മെത്രാന്മാർ വാക്കാലെങ്കിലും സമ്മതിച്ചിരുന്നെങ്കിൽ ആന്റണിയ്ക്ക് അങ്ങനെ പറയേണ്ട കാര്യമില്ലായിരുന്നു. രണ്ടവസരത്തിലും ആന്റണിയോട് പത്രക്കാർ ന്യൂനപക്ഷ സ്ഥാപനങ്ങളെക്കുറിച്ച് ചോദിയ്ക്കുന്നുണ്ട്. 2001 ജൂലൈ 26 ൽ സ്വാശ്രയ എൻജിനീയറിംഗ് കോളേജുകൾക്ക് അനുമതി കൊടുത്ത ശേഷം ആന്റണി പറയുന്നത് " Decisions were yet to be taken for minority status to such institutions run by minority communities.(Thursday, July 26, 2001, ഹിന്ദു)" ആയിട്ടാണ് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. 2001 ആഗസ്റ്റ് 17 ല് സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് അനുമതികൊടുത്ത ശേഷമുള്ള പത്രസമ്മേളനം ഹിന്ദു ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു.

    "``The Government does not want to spoil the students' chances of higher education in the name of technical disputes. We want to ensure that sufficient opportunities for higher education are available in the State itself,'' he remarked. Starting two self- financing medical institutions has the effect of starting one under the Government. This was because 50 per cent of the seats would be available for admissions on the basis of merit, he said.

    Mr. Antony said the decision to give NOC to all applicants was part of the Government's attempt to bring a new approach to such issues. Asked about the Government's stand on conferring minority status to these professional institutions, Mr. Antony said: ``we are trying to bring in this new approach and had therefore sought a four-month reprieve in the High Court case to examine the issue and come out with clear norms.''(Friday, August 17, 2001, ഹിന്ദു)"

    ഈ രണ്ടു റിപ്പോർട്ടുകളിൽ ഒരിടത്തുപോലും 50% സീറ്റ് സർക്കാരിനാണെന്ന് വാക്കാലോ രേഖാമൂലമോ വാക്കു നൽകിയതിന്റെ പേരിലാണ് എൻ.ഓ.സി കൊടുത്തതെന്ന് ആന്റണി അവകാശപ്പെടുന്നില്ല. 50-50 എന്ന സർക്കാരിന്റെ പോളിസി പറയുമ്പോൾ തന്നെ അത് എൻ.ഓ.സിയ്ക്ക് നിബന്ധനയായി എന്നു പറയുന്നില്ല എന്നു മാത്രമല്ല 50-50 എന്ന സർക്കാർ പോളീസിയിൽ ന്യൂനപക്ഷ സ്ഥാപനങ്ങളെ ഉൾപ്പെടൂത്തുന്നതിലുള്ള സന്ദേഹം ആന്റണി പങ്കുവയ്ക്കുന്നുമുണ്ട്. അതായത് ആന്റണി എൻ.ഓ.സി കൊടൂക്കുമ്പോൾ തന്നെ മറ്റു സ്ഥാപനങ്ങളുമായി വാക്കാൽ കരാറിലേർപ്പെട്ടിരുന്നെങ്കിൽ പോലും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല എന്നു മനസിലാക്കാം. മെത്രാന്മാർ വാക്കാൽ സമ്മതം നടത്തിയിരുന്നെങ്കിൽ ന്യൂനപക്ഷ പദവിയെക്കുറിച്ച് പത്രലേഖകരോട് വ്യക്തമായ മറുപടി കൊടുക്കുവാൻ ആന്റണിയ്ക്ക് ആകുമായിരുന്നു. എന്നാൽ അതല്ല സംഭവിച്ചത്.

    മറുപടിഇല്ലാതാക്കൂ
  2. 2. "ഇതു കേരളമാണ്‌. ഒടുവില്‍ അമ്പതു ശതമാനം മെറിറ്റടിസ്‌ഥാനത്തില്‍ എന്ന തത്വം അംഗീകരിക്കാന്‍ മെത്രാന്മാരും നിര്‍ബന്ധിതരാകുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല."

    ഇതാണ് ലേഖനത്തിന്റെ ഹൈലൈറ്റ്. കെ.എം. റോയി പറഞ്ഞു വയ്ക്കുന്നത്, സമൂഹ മനസിലേയ്ക്ക് പകർന്നു കൊടുക്കുന്നത് സഭയുടെ കോളേജുകളിൽ മെറിറ്റ് അടിസ്ഥാനത്തിലല്ല പ്രവേശനം നടക്കുന്നത് എന്നാണ്. എൻ.ആർ.ഐ സീറ്റ് ഒഴികെയുള്ള 85% സീറ്റിലും സർക്കാരിന്റെ പ്രവേശനപരീക്ഷയെ അടിസ്ഥാനപ്പെടുത്തി, സർക്കാരിന്റെ തന്നെ യോഗ്യതാപരീക്ഷയും പരിഗണിച്ച്, പ്രവ്വേശനത്തിന്റെ ഓരോ ഘട്ടവും വെബ് സൈറ്റിൽ കൂടി പ്രസിദ്ധപ്പെടുത്തി പ്രവ്വേശനം നടത്തുമ്പോൾ അത് മെറിറ്റ് അടിസ്ഥാനത്തിലല്ല എന്ന് എങ്ങിനെ പറയാനാവും എന്നു മനസിലാവുന്നില്ല. മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമേ പ്രവേശനം നടത്തിയിട്ടൂള്ളൂ എന്ത് രേഖകളൂം ഹാജരാക്കുവാനും ഏത് അന്വേഷണത്തെ നേരിടാനും കോളേജ് അധികൃതർ പരസ്യമായി വെല്ലുവിളിച്ചിട്ടൂം റോയ്യിയുടെ ചെവിയിൽ മാത്രം അതു കയറിയില്ലേ!. സഭയുടെ സ്വാശ്രയ മെഡിക്കൽ/എൻജിനീയറിംഗ് കോളേജിൽ നിയമവിരുദ്ധമായ പ്രവേശനം നടക്കുന്നുണ്ട് എന്നു വിശ്വസിയ്ക്കാൻ ഞാൻ തയ്യാറാണ്, പക്ഷേ അതിനു കെ.എം. റോയി ലേഖനമെഴുതിയാൽ മാത്രം പോരാ, തെളിവുകൂടി ഹാജരാക്കണം. ഇത്രയും സുതാര്യവും നിയമവിധേയവുമായി സർക്കരുമായി കരാറുണ്ടാക്കിയ ഒരു കോളേജിൽ പോലും പ്രവേശനം നടക്കുന്നില്ല എന്നു കൂടി മനസിലാക്കണം. എന്നിട്ടൂം കെ.എം. റോയി ഇങ്ങനെ ഒരു ആരോപണം ഉന്നയിയ്ക്കുന്നത് ആരേ സഹായിക്കാനാണെന്നു മാത്രം മനസിലാവുന്നില്ല.

    3. "ഞങ്ങള്‍ ലക്ഷക്കണക്കിനു രൂപ മുടക്കിയാണ്‌ ഈ മെഡിക്കല്‍കോളജുകള്‍ നടത്തുന്നതെന്നാണു മെത്രാന്മാരുടെ വാദം. അതു ശരിതന്നെ. പക്ഷേ, മുടക്കിയ പണം ഒന്നോ രണ്ടോ കൊല്ലംകൊണ്ട്‌ മനുഷ്യരെ പിഴിഞ്ഞുണ്ടാക്കണമെന്ന വാദം മനുഷ്യത്വപരമാണോ? "

    3.5 ലക്ഷം രൂപമാത്രമാണ് സഭയുടെ മെഡിക്കൽ കോളേജുകളിലെ ഫീസ്. സർക്കാർ മെഡിക്കൽ കോളേജുകളിൽ പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥി ഇതില് കൂടുതൽ കൊടൂക്കേണ്ടീ വരാത്തത് അതു സർക്കാർ ഖജനാവിൽ നിന്ന് വകയിരുത്തപ്പെടുന്നു എന്നതുകൊണ്ടൂ മാത്രമാണ്. അതായത് ഒരു മെഡിക്കൽ കോളേജിന്റെ നടത്തിപ്പു ചിലവുതന്നെ ഓരാൾക്ക് അത്രയും വരും എന്നർത്ഥം. സംശയമുണ്ടെങ്കിൽ കെ.എം. റോയി വിവരാവകാശ നിയമം വഴി സർക്കാർ മെഡിക്കൽ കോളേജിൽ ബജറ്റിൽ വകകൊള്ളിക്കുന്ന തുക എത്രയാണെന്ന് ഒന്നന്വേഷിച്ചു നോക്ക്. സർക്കാർ ഇതുവരെ ഉണ്ടാക്കിയ കരാറുകളിലെ ശരാശരി ഫീസും കണക്കാക്കി നോക്ക്. നടത്തിപ്പു ചിലവും സ്ഥാപനത്തിന്റെ പുരോഗതിയ്ക്കാവശ്യമായ ന്യായമായ ലാഭവും വിഭജിച്ച് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന സമ്പ്രദായമാണല്ലോ സ്വാശ്രയം

    4. "ലക്ഷക്കണക്കിനു രൂപ കോഴപ്പണം വാങ്ങി മെഡിക്കല്‍ കോളജില്‍ മെത്രാന്മാര്‍ പ്രവേശനം നല്‍കുന്ന വിദ്യാര്‍ഥികള്‍ ഡോക്‌ടര്‍മാരായി പുറത്തുവന്നാല്‍ "

    എന്തടീസ്ഥാനത്തിലാണ് കോഴപ്പണം എന്ന് കെ.എം.റോയി ആവർത്തിക്കുന്നത്. എന്തെങ്കിലും തെളിവുണ്ടോ? പ്രധമദൃഷ്ടാശരി എന്നു തോന്നിക്കുന്ന ഒരു ആരോപണമെങ്കിലുമുണ്ടോ?

    എന്റെ അറിവിലും മാനേജുമെന്റുകളുടെ പ്രഖ്യാപനങ്ങളുടേ അടിസ്ഥാനത്തിലും ഒരു ചില്ലിക്കാശുപോലും കോഴയിനത്തിൽ സഭയുടെ സ്വാശ്രയമെഡിക്കൽ/എൻജിനീയറിംഗ് കോളേജുകളിൽ വാങ്ങുന്നില്ല. വളരെ സുതാര്യവും(ഇന്റർ നെറ്റ് ഉള്ള ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്ന)‌, മെറിറ്റ് അടിസ്ഥാനപ്പെടുത്തിയ പ്രവ്വേശന പ്രക്രിയയാണ് സഭയൂടെ സ്വാശ്രയ സ്ഥാപനങ്ങളിൽ ഉള്ളത്. അതിൽ കോഴക്കുള്ള സാധ്യത എനിക്ക് മനസിലാവുന്നില്ല. മെറിറ്റ് അട്ടിമറിക്കപ്പെടുമ്പോഴാണല്ലോ കോഴക്കുള്ള സാധ്യത.

    മറുപടിഇല്ലാതാക്കൂ
  3. 5. "ന്യൂനപക്ഷാവകാശ സംരക്ഷണമെന്ന പേരില്‍ നിയമത്തിന്റെ മുടിനാരിഴ കീറി നൂറുശതമാനം സീറ്റിലും പ്രവേശനം നടത്താന്‍ സഭാപിതാക്കള്‍ പഴുതു കണ്ടെത്തി.

    സ്വാശ്രയ കോളേജിൽ നൂറുശതമാനം പ്രവേശനത്തിനു ന്യൂനപക്ഷാവകാശം വേണ്ട. 2005 ആഗസ്റ്റ് 12 ന് ഇനാംദാര്‍ കേസില്‍ സുപ്രീംകോടതി വിധി അനുസരിച്ച് മൈനോറിറ്റിയോ നോണ്‍ മൈനോറിറ്റിയോ ആയ സ്വകാര്യ അണ്‍ എയിഡഡ് പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള കോളേജുകളില്‍ സീറ്റു റിസര്‍വേഷനോ ക്വാട്ടായോ കൊണ്ടുവരുവാന്‍ സ്റ്റേറ്റ് ഗവര്‍മെന്റിന് അധികാരമില്ല.

    6. "അങ്ങനെ നൂറു ശതമാനം സീറ്റും വിറ്റ്‌ സഭാപിതാക്കള്‍ പണം വാരിക്കൂട്ടി."
    ഒരു സീറ്റു വിറ്റതിനു തെളിവുണ്ടായിരുന്നെങ്കിൽ വേണ്ടീല്ല!

    ആർക്കും എന്തും ആരോപിക്കാനുള്ള സ്വാതന്ത്യമാണല്ലോ സ്വാതന്ത്യം. ആരോപ്പിച്ചിട്ട് എണീറ്റങ്ങുപോയാൽ മതി. അങ്ങനെയല്ല എന്നു തെളിയിക്കേണ്ട ബാധ്യത ആരോപണ വിധേയനും.

    മറുപടിഇല്ലാതാക്കൂ