Posted on: 10 Jul 2011
തിരുവനന്തപുരം: മണ്‍സൂണ്‍, ആലപ്പുഴ മീന്‍കറി, അരുന്ധതി റോയ്.....കേരളത്തെക്കുറിച്ച് ആഗോളമാധ്യമങ്ങള്‍ സ്ഥിരമായി ചെയ്തുവരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് തല്‍ക്കാലം വിട. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മഹാനിധി, ലോകമാധ്യമങ്ങള്‍ക്കും ചൂടേറിയ വാര്‍ത്തയാവുകയാണ്.
' ട്രഷര്‍ വര്‍ത്ത് ബില്ല്യണ്‍സ് ഫൗണ്ട് ബിനീത് ടെംപിള്‍ (ക്ഷേത്രത്തിനടിയില്‍ ശതകോടികളുടെ നിധി കണ്ടെത്തി)' എന്നായിരുന്നു ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ' ദ ടൈംസ്' ദിനപത്രം നിധിവാര്‍ത്തയ്ക്കിട്ട തലക്കെട്ട്. ജൂലായ് ഒന്നു മുതല്‍ മഹാനിധി വാര്‍ത്ത 'ടൈംസ്' പത്രം സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 'ക്ഷേത്രത്തിലെ നിധി എന്തു ചെയ്യണമെന്നതിനെച്ചൊല്ലി തര്‍ക്കം' എന്ന വാര്‍ത്തയാണ് ടൈംസ് തുടര്‍ന്ന് നല്‍കിയത്. റോബിന്‍ പഗ്‌നമെന്റ എന്ന ഏഷ്യാലേഖകന്‍േറതായി ഡല്‍ഹി ആസ്ഥാനമായി തയ്യാറാക്കിയ വാര്‍ത്തകളായിരുന്നു അത്. ലണ്ടനില്‍ നിന്നു തന്നെ പ്രസിദ്ധീകരിക്കുന്ന 'സണ്‍ഡേ ടൈംസ്' പത്രം, അവരുടെ ഡല്‍ഹി ലേഖിക നികോള്‍ സ്മിത്തിനെ തിരുവനന്തപുരത്ത് അയച്ച് മഹാനിധി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്നു.
ലോകപ്രശസ്തമായ 'ന്യൂയോര്‍ക്ക് ടൈംസി'നുവേണ്ടി മുംബൈ- ഡല്‍ഹി ലേഖകന്‍ വികാസ് ബജാജാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ' ബിനീത് എ ടെംപിള്‍ ഇന്‍ സൗത്ത് ഇന്ത്യ, എ ട്രഷര്‍ ട്രോവ് ഓഫ് സ്റ്റാഗറിങ് റിച്ചസ്' (ദക്ഷിണേന്ത്യന്‍ ക്ഷേത്രത്തിനടിയില്‍, നിധിയുടെ അവിശ്വസനീയ ശേഖരം) എന്നാണ് ആദ്യദിനം 'ന്യൂയോര്‍ക്ക് ടൈംസ്' നിധിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്ന പോലീസുകാരന്റെ ചിത്രത്തോടൊപ്പമാണ് പത്രം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും നിധിവാര്‍ത്തകള്‍ നല്‍കി. സംസ്ഥാനത്തിന്1600 കോടി ഡോളറിന്റെ കടമുണ്ടെങ്കിലും നിധി ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉദ്ധരിച്ച്' ന്യൂയോര്‍ക്ക് ടൈംസ്' വ്യക്തമാക്കുന്നു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വാര്‍ത്തകള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു പ്രധാനപത്രം 'വാഷിങ്ടണ്‍ പോസ്റ്റാ'ണ്. ' ലൈറ്റ്‌ലി ഗാര്‍ഡഡ് ഹിന്ദു ടെംപിള്‍ ഇന്‍ ഇന്ത്യ ഈസ് ലാഡന്‍ വിത്ത് ട്രഷര്‍' ( ദുര്‍ബല സുരക്ഷയുള്ള ഇന്ത്യന്‍ ക്ഷേത്രത്തില്‍ വന്‍ നിധി) എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് നല്‍കിയ തലക്കെട്ട്. അസോസിയേറ്റ് പ്രസ് എന്ന അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടാണ് 'വാഷിങ്ടണ്‍ പോസ്റ്റ് 'ഉപയോഗിച്ചത്. മഹാനിധി വാര്‍ത്ത പുറത്തുവന്നതുമുതല്‍ 'അസോസിയേറ്റ് പ്രസ്സി'ന്റെ അജാസ് റാഹി എന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍ തിരുവനന്തപുരത്ത് തമ്പടിക്കുന്നുണ്ട്.
തിരുവനന്തപുരം എം.പി. ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരാണ് പ്രശസ്തമായ 'ടൈം' മാഗസിനില്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള ഫീച്ചര്‍ എഴുതിയത്. ' ക്ഷേത്രത്തിന്റെ വന്‍ നിധിശേഖരം രാഷ്ട്രീയ വ്യാളികളെ ഉണര്‍ത്തിയേക്കും ' എന്ന തലക്കെട്ടാണ് ഇഷാന്‍ ,തന്റെ വാര്‍ത്തയ്ക്ക് നല്‍കിയത്. ന്യൂയോര്‍ക്കിലുള്ള ഇഷാന്‍, വാര്‍ത്തയ്ക്കുവേണ്ടി താനുമായി നിരവധി തവണ ഇ-മെയില്‍ ചര്‍ച്ച നടത്തിയെന്ന് ശശി തരൂര്‍ പറഞ്ഞു.
ആഴ്ചയില്‍ ആറുദിവസം ഓണ്‍ലൈനായും ഒരു ദിവസം അച്ചടിച്ചും പ്രസിദ്ധീകരിക്കുന്ന പ്രശസ്തമായ 'ക്രിസ്ത്യന്‍ സയന്‍സ് മോണിട്ടറി'ല്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയെക്കുറിച്ച് രസകരമായ താരതമ്യങ്ങളുണ്ട്. ഇപ്പോള്‍ കണ്ടെത്തിയ 22 ബില്ല്യണ്‍ ഡോളറിന്റെ നിധി, ഇന്ത്യയുടെ വിദ്യാഭ്യാസ ബജറ്റിന്റെ ഇരട്ടിയുണ്ടെന്നതാണ് അതിലൊന്ന്.
അഞ്ചുവര്‍ഷം കൊണ്ട് ലോകത്തില്‍ ഏറ്റവും വായനക്കാരുള്ള ഓണ്‍ലൈന്‍ പത്രമായി മാറിയ 'ഹഫിങ്ടണ്‍ പോസ്റ്റും' ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിയെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയും അവരുടെ സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജര്‍മനിയിലെ 'ഡോയിഷ് വെല്ലെ' എന്ന ടി.വി.ചാനലിന്‍േറയും 'ഡെര്‍ സ്പീഗല്‍' എന്ന മാസികയുടേയും പ്രതിനിധികള്‍ നിധിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ