2011, ജൂലൈ 10, ഞായറാഴ്‌ച

ഇതുപോലുള്ള നടത്തിപ്പുകാരും കൂട്ടാളികളും ഉണ്ടെങ്കില്‍ ഏത് പത്രവും പൂട്ടിപ്പോകും

ഇതുപോലുള്ള നടത്തിപ്പുകാരും കൂട്ടാളികളും ഉണ്ടെങ്കില്‍ ഏത് പത്രവും പൂട്ടിപ്പോകും


ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന റൂപര്‍ട്ട് മര്‍ഡോക്ക് പത്രത്തിന്റെ 8647ാം എഡീഷന്‍ ആരും ഒരിക്കലും മറക്കില്ല. ലോക പ്രശസ്തമായ ഈ പത്രത്തിന്റെ അവസാന എഡീഷനാണിത്. വായനക്കാര്‍ക്ക് നന്ദിയും പറഞ്ഞ് എന്നെന്നേക്കുമായി ഗുഡ്‌ബൈയും പറഞ്ഞ് പത്രത്തിന്റെ അവസാന കോപ്പി ഇറങ്ങി. ഒന്നാം പേജിലും അവസാന പേജിലും ഇതുവരെയുള്ള പഴയ കോപ്പികളുടെ കൊളാഷായാണ് കൊടുത്തിരിക്കുന്നു. ഒന്നാം പേജില്‍ താങ്ക് യൂ ആന്‍ഡ് ഗുഡ് ബൈ എന്നും പറഞ്ഞിരിക്കുന്നു.


അവസാന ദിനത്തില്‍ ഈ പത്രത്തിന്റെ മുന്‍പേജിന്റെ ചിത്രവുമായി ന്യൂസ് ഓഫ് ദ വേള്‍ഡ് ഓഫിസന് മുന്നില്‍ സ്റ്റാഫും എഡിറ്റര്‍ കോളിന്‍ മൈലറും നില്‍ക്കുന്ന ചിത്രവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത്രയും വിജയകരമായ ഒരു പത്രം നിര്‍ത്താനുള്ള തീരുമാനം ഏറെ സങ്കടകരമാണെന്ന് മൈലര്‍. ചെലവിന്റെ ഇരട്ടി പരസ്യ വരുമാനമുള്ള പത്രം ഒറ്റ രാത്രികൊണ്ടാണ് അടയ്ക്കാനാണ് മുതലാളിയായ റൂപ്പര്‍ട്ട് മര്‍ഡോക്ക് തീരുമാനിച്ചത്. ബ്രിട്ടിഷ് പാര്‍ലമെന്റില്‍ കഴിഞ്ഞ ഒരാഴ്ചയായുള്ള തര്‍ക്കമൂലമാണ് ഈ തീരുമാനമെടുത്തത്.


നൂറ്റിയറുപത്തെട്ടു വര്‍ഷത്തെ പാരമ്പര്യമുള്ള പത്രം വാര്‍ത്തകള്‍ കിട്ടാനായി ബക്കിങ്ഹാം പാലസ് മുതല്‍ പ്രധാനമന്ത്രി വരെയുള്ളവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തി. വാര്‍ത്തകള്‍ അന്വേഷിക്കാന്‍ പൊലീസുകാര്‍ക്കു ലക്ഷക്കണക്കിനു രൂപ കൈക്കൂലി നല്‍കി. യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാരും വീട്ടുകാരുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഹാക്ക് ചെയ്ത് കണ്ണീരില്‍ കുതിര്‍ന്ന കഥകള്‍ വാര്‍ത്തകളാക്കി. പത്രത്തിന്റെ പ്രചാരക്കണക്കുകളില്‍ ലക്ഷങ്ങള്‍ കൂട്ടിയെഴുതാനായി വാര്‍ത്തകളുണ്ടാക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തിട്ടുണ്ടെന്നു തെളിഞ്ഞു.


ഇതെല്ലാമാണ് ഈ നിര്‍ത്തലിന് പിന്നില്‍. ശതകോടികള്‍ മുടക്കി ബ്രിട്ടനിലെ ബിസ്‌കൈബി ടിവി ചാനല്‍ വാങ്ങാനൊരുങ്ങുന്നതിനിടെയാണ് മര്‍ഡോക്കിന്റെ പത്ര സ്ഥാപനം വളഞ്ഞ വഴിയിലൂടെ വാര്‍ത്തകള്‍ ചോര്‍ത്തിയ വിവരം പുറത്തു വന്നത്. ഇരുനൂറ്റമ്പതു ജോലിക്കാരേയും രാത്രിക്കുരാത്രി പിരിച്ചു വിട്ടു. പത്രത്തിന്റെ മുന്‍ എഡിറ്ററും ഇപ്പോഴത്തെ ചീഫ് എക്‌സിക്യൂട്ടിവുമായ റെബേക്ക ബ്രൂക്ക് അറസ്റ്റിലായേക്കും. ലോകം മുഴുവന്‍ പത്രസ്ഥാപനങ്ങളും ടെലിവിഷന്‍ ചാനലുകളുമുള്ള റൂപ്പര്‍ട്ട് മര്‍ഡോക്കിന് ബ്രിട്ടനിലുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടി.


പത്തു വര്‍ഷത്തോളമായി തുടരുന്ന ഫോണ്‍ ചോര്‍ത്തലും കൈക്കൂലിക്കഥകളും പുറത്തു വന്നത് 2002 ല്‍ കൊല്ലപ്പെട്ട മില്ലി ഡൗളര്‍ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ്. ന്യൂസ് ഒഫ് ദ വേള്‍ഡിലെ ജേണലിസ്റ്റുകള്‍ ഒരു െ്രെപവറ്റ് ഡിറ്റക്റ്റിവിനെ ഏര്‍പ്പാടാക്കി കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ചു. മില്ലിയുടെ അച്ഛനുമമ്മയും മകള്‍ക്ക് അയച്ച മൊബൈല്‍ ഫോണ്‍ മെസേജുകള്‍ ചോര്‍ത്തി. അച്ഛനുമമ്മയുമാണ് മില്ലിയുടെ മരണത്തിന് ഉത്തരവാദികളെന്ന് അടുത്ത ദിവസം വലിയ വാര്‍ത്തയും വന്നു. ഇതു കള്ളക്കഥയാണെന്നു ബ്രിട്ടനിലെ മറ്റു മാധ്യമങ്ങള്‍ അന്നു പതുക്കെപ്പറഞ്ഞു. ഇത്തരം നൂറു കണക്കിനു വാര്‍ത്തകളുണ്ടാക്കിയ വഴികളെക്കുറിച്ചു മാത്രമാണ് കഴിഞ്ഞ ഒരാഴ്ചയായി മറ്റു പത്രങ്ങളുടെ പ്രധാന ചര്‍ച്ച.


ന്യൂസ് ഒഫ് ദ വേള്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടിവ് റെബേക്ക കഴിഞ്ഞ ദിവസം ഓഫിസിലെത്തി. ന്യൂസ് റൂമിലേക്കു കയറി വന്ന് ജേര്‍ണലിസ്റ്റുകളോടു പറഞ്ഞു. നമ്മളെ തകര്‍ക്കാനുള്ള ഗാര്‍ഡിയന്‍ പത്രത്തിന്റെ ശ്രമം വിജയിച്ചിരിക്കുന്നു... യാതൊരു നഷ്ടവുമില്ലാതെ, ഇപ്പോഴും ഒരു ആഴ്ചയില്‍ ഇരുപത്താറു ലക്ഷം കോപ്പി വില്‍ക്കുന്ന പത്രം പൂട്ടുകയാണെന്നു പറയുമ്പോള്‍ കേട്ട് അന്തം വിട്ടിരിക്കാനേ അവിടത്തെ ജേര്‍ണലിസ്റ്റുകള്‍ക്കും മറ്റു ജീവനക്കാര്‍ക്കും സാധിച്ചുള്ളൂ. ന്യൂസ് ഒഫ് ദ വേള്‍ഡിലെ ജേര്‍ണലിസ്റ്റുകള്‍ കള്ളക്കളികള്‍ നടത്തി വാര്‍ത്ത ശേഖരിക്കുന്നതായി ഗാര്‍ഡിയന്‍ പത്രമാണ് ഇതിനു മുമ്പ് ഏറ്റവും ശക്തമായി റിപ്പോര്‍ട്ട് ചെയ്തത്.


ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തും അയല്‍ക്കാരിയുമാണ് റെബേക്ക ബ്രൂക്‌സ്. രാഷ്ട്രീയ മാറ്റങ്ങളും പുതിയ ബിസിനസ് ഡീലുകളുടെ വിവരങ്ങളും അറിയാന്‍ ന്യൂസ് ഒഫ് ദ വേള്‍ഡിന് മറ്റൊരു സോഴ്‌സ് ആവശ്യമില്ലല്ലോ. ബിസ്‌കൈബിയില്‍ മുപ്പത്തൊമ്പതു ശതമാനം ഷെയറുകളുള്ള മര്‍ഡോക് ആ സ്ഥാപനം മുഴുവനായും വാങ്ങുന്നതിനെതിരേ മറ്റു പാര്‍ലമെന്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ മൗനം പാലിച്ചത് കാമറൂണിനെതിരേയും ആരോപണങ്ങള്‍ക്കു കാരണമായി. അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട സൈനികരും വീട്ടുകാരുമായുള്ള ഫോണ്‍ സംഭാഷണങ്ങളെല്ലാം ചോര്‍ത്തി.


കാണാതായ കുട്ടികളെക്കുറിച്ചും ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീട്ടിലെ ഫോണുകളുമെല്ലാം ചോര്‍ത്തിയിട്ടുണ്ടെന്നാണു കരുതുന്നത്. ടെലിഫോണ്‍ ഡിപ്പാര്‍ട്ടുമെന്റും ഒത്താശ ചെയ്തുകൊടുത്തു. ഒരു ലക്ഷം പൗണ്ടെങ്കിലും കൈക്കൂലിയായി പൊലീസുകാര്‍ക്കു കൊടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയക്കാരനായ റൂപ്പര്‍ട്ട് മര്‍ഡോക് 1969ലാണ് ന്യൂസ് ഒഫ് ദ വേള്‍ഡ് വാങ്ങിയത്. കാക്കത്തൊള്ളായിരം അന്തിപ്പത്രങ്ങളും അത്രത്തോളം ദിനപത്രങ്ങളും അതിനു പുറമേ ഓണ്‍ലൈന്‍ ജേണലുകളുമുള്ള ബ്രിട്ടനില്‍ കുറച്ചുകാലംകൊണ്ട് ഒന്നാം നിരയിലേക്കുയര്‍ന്നു ന്യൂസ് ഒഫ് ദ വേള്‍ഡ്. റെബേക്ക ബ്രൂക്‌സ് എഡിറ്ററായതോടെ ഞെട്ടിക്കുന്ന വാര്‍ത്തകളുമായാണ് ഓരോ ദിവസവും പത്രം ഇറങ്ങിയത്.


വെസ്സെക്‌സിലെ എഡ്വേഡ് രാജകുമാരനും പത്‌നി സോഫി രാജകുമാരിയുമായുമായുള്ള പിണക്കത്തിന്റെ ശബ്ദരേഖകള്‍ പകര്‍ത്തിയെഴുതിക്കൊണ്ട് പത്രമിറങ്ങി. ടിവി താരം ലെസ്ലി മയക്കു മരുന്ന് ഉപയോഗിക്കുന്ന വലിയ ഫോട്ടൊയോടെ ഒന്നാം പേജ് വാര്‍ത്ത. ഹാരി രാജകുമാരന്‍ ലഹരി ഉപയോഗിച്ചുവെന്നു സ്ഥാപിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്. ആന്‍ഡ്രൂ രാജകുമാരനെ കാണാന്‍ പത്‌നി സാറ ഫര്‍ഗൂസന് പണം വാഗ്ദാനം ചെയ്യുന്ന വാര്‍ത്ത ഫോട്ടൊ സഹിതം. റെബേക്ക ലസും ഡേവിഡ് ബക്കാമുമായുള്ള രഹസ്യബന്ധത്തിന്റെ കഥയും പിന്നാമ്പുറക്കഥകളും.


പാക്കിസ്ഥാനിലെ ക്രിക്കറ്റ് കളിക്കാര്‍ക്ക് കോഴപ്പണം നല്‍കുന്ന ഫോട്ടൊയും റിപ്പോര്‍ട്ടും. ആഷ്‌ലി കോളും ഷെറിലും ആദ്യം വിവാഹമോചനത്തിനു ശേഷം വീണ്ടും ഒന്നാകുന്ന വാര്‍ത്ത. ഫുട്‌ബോള്‍ താരം റിയാന്‍ജിഗ്‌സിന് സഹോദരന്റെ ഭാര്യമായുള്ള രഹസ്യബന്ധം, തെളിവുകള്‍ സഹിതം... ലോകമാകെ ചര്‍ച്ചയായ വാര്‍ത്തകളാണ് ഓരോ ദിവസവും എക്‌സ്‌ക്ലൂസിവ് എന്ന സ്ലഗ് വച്ച് ന്യൂസ് ഒഫ് ദ വേള്‍ഡ് പ്രസിദ്ധീകരിച്ചത്. ഫോണ്‍ ചോര്‍ത്തിയും പ്രശസ്ത വ്യക്തികളുമായി അടുപ്പമുള്ളവരെ സ്വാധീനിച്ചും മര്‍ഡോക്കിന്റെ ന്യൂസ് പേപ്പര്‍ ബ്രിട്ടനിലെ പേരെടുത്ത പത്രമായി. ബിസ്‌കൈബി ചാനല്‍ പതിനാലു ബില്യണ്‍ ഡോളര്‍ കൊടുത്തു വാങ്ങാനാണ് മര്‍ഡോക് തീരുമാനിച്ചിരുന്നത്.


അതിനിടെയാണ് ഈ പ്രശ്‌നങ്ങള്‍. പ്രശസ്തരുടെ ഫോണ്‍കോളുകളും മെസെജുകളും ചോര്‍ത്തുന്നത് ബ്രിട്ടനിലെ നിയമപ്രകാരം വലിയ കുറ്റമാണ്. ഇത്തരമൊരു സംഭവം 2006ലുണ്ടായപ്പോള്‍ ന്യൂസ് ഒഫ് ദ വേള്‍ഡിലെ റിപ്പോര്‍ട്ടര്‍ ക്ലൈവ് ഗോള്‍ഡ്മാനേയും െ്രെപവറ്റ് ഇന്‍വസ്റ്റിഗേറ്റര്‍ ഗ്ലെന്‍ മന്‍കെയറെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെ അന്നു പ്രശ്‌നം ഒതുങ്ങി. ഇത്തവണ അങ്ങനെയല്ല. മുന്‍ എഡിറ്ററായിരുന്ന ആന്‍ഡി കൗള്‍സണ്‍ ഉള്‍പ്പെടെയുള്ളവരെല്ലാം കുറ്റക്കാരാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ