2011, ജൂലൈ 9, ശനിയാഴ്‌ച

കൈവെട്ടുകേസിനു പണമൊഴുക്കിയ അറബി പെണ്‍വാണിഭത്തിനും വാരിക്കോരി ചെലവഴിച്ചു

കൊച്ചി: ഇസ്ലാമിക നീതിനടപ്പാക്കാനായി മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിയെറിഞ്ഞ കേസിലെ പ്രതികളെ രക്ഷിക്കാന്‍ പണം വാരിയെറിഞ്ഞ അറബി പ്രായപൂര്‍ത്തിയാകാത്തെ പറവൂരിലെ പെണ്‍കുട്ടിയെ പിച്ചിച്ചീന്താനും പണമാഴുക്കി. പ്രായപൂര്‍ത്തിയാകാത്ത പറവൂരിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് അന്വേഷിക്കുന്ന അറബി അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്കു സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി തെരയുന്ന പ്രതിയും ഒരാളാണെന്നാണ് സുചന. ഇതുസംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതോടെ പറവൂര്‍ പെണ്‍വാണിഭക്കേസിലെ ചില പ്രതികളെ എന്‍ഐഎയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും.


കഴിഞ്ഞ ജൂലൈ നാലിന് മൂവാറ്റുപുഴയിലെ പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്കു വിദേശത്തു നിന്നു സാമ്പത്തിക സഹായം ലഭിച്ചതായി കേരളാ പൊലീസിന്റെ പ്രത്യേക സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ കേസിലെ ഇത്തരം സാധ്യതകള്‍ അന്വേഷിക്കാന്‍ സംസ്ഥാന പൊലീസിനുള്ള പരിമിതികള്‍ മനസ്സിലാക്കിയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് വിദേശ സഹായം, രാജ്യാന്തര ഭീകരസംഘടനകളുടെ പങ്ക് എന്നിവ അന്വേഷിക്കാന്‍ എന്‍ഐഎയെ ചുമതലപ്പെടുത്തിയത്. പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും ഇടനിലക്കാരിയെയും പീഡിപ്പിച്ച വിദേശി കൈവെട്ടു കേസിന്റെ സമയത്ത് കേരളത്തിലുണ്ടായിരുന്നതായാണു യാത്രാരേഖകളില്‍ നിന്നു വ്യക്തമാവുന്നത്. ആയുര്‍വേദ സുഖചികിത്സയ്ക്കുവേണ്ടി എല്ലാ വര്‍ഷവും മഴക്കാലത്തു രണ്ടു മാസത്തോളം കേരളത്തില്‍ ചെലവഴിക്കാറുള്ള അതിസമ്പന്നനായ അറബിക്ക് പറവൂരിലെ പ്രവാസി ബിസിനസുകാരനുമായി അടുത്ത ബന്ധമുണ്ട്.


വിദേശിയുടെ കേരളത്തിലേക്കുള്ള യാത്രയും സുഖചികിത്സയുമെല്ലാം ഏര്‍പ്പാടു ചെയ്യുന്നത് ഈ പറവൂര്‍ സ്വദേശിയാണ്. എന്നാല്‍ കൈവെട്ടു കേസിലെ പ്രതികള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതില്‍ ഇയാള്‍ ഇടനിലക്കാരനായിട്ടുണ്ടോയെന്നു വ്യക്തമല്ല. വിദേശത്തു നിന്നുള്ള മറ്റു ചിലരുടെ നിര്‍ദേശ പ്രകാരമാണ്, സംഭവസമയത്തു കേരളത്തിലുണ്ടായിരുന്ന വിദേശി കൈവെട്ടു കേസ് പ്രതികളുമായി ബന്ധപ്പെട്ടതെന്നും സൂചനയുണ്ട്. കൈവെട്ടു കേസിന്റെ അന്വേഷണ കാലത്തു തന്നെയാണു കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ വിദേശി പെണ്‍കുട്ടിയെയും ഇടനിലക്കാരിയെയും പീഡിപ്പിച്ചതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്. കൈവെട്ടു കേസിനെത്തുടര്‍ന്നു നാടുവിട്ട മുഖ്യപ്രതികളില്‍ ചിലര്‍ക്കു ദുബായിലെ ഇയാളുടെ വ്യവസായ സ്ഥാപനത്തില്‍ ജോലി നല്‍കി സംരക്ഷിക്കുന്നതായും സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചിട്ടുണ്ട്.


പറവൂര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണത്തെ തുടര്‍ന്നു ക്രൈംബ്രാഞ്ച് വ്യാപകമായ അറസ്റ്റ് തുടങ്ങിയ രണ്ടാഴ്ച മുന്‍പ്, ഇതേ വിദേശി കേരളത്തിലെ ആയുര്‍വേദ കേന്ദ്രത്തിലുണ്ടായിരുന്നെങ്കിലും അന്വേഷണത്തില്‍ ഇയാളുടെ പങ്കു പുറത്തുവന്ന സാഹചര്യത്തില്‍ പൊടുന്നനെ നേപ്പാളിലേക്കു കടക്കുകയായിരുന്നു. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കി. ഇതേസമയം കൈവെട്ടു കേസിന്റെ അന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമിച്ച ജില്ലയിലെ ഉന്നത രാഷ്ട്രീയ നേതാവ് പറവൂര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥനെ ആലുവ ഗവ. ഗസ്റ്റ് ഹൗസില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്. അതിനിടെ തന്നെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരും മൊൈബല്‍ നമ്പരും രേഖപ്പെടുത്തിയ ഡയറി പറവൂര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. ഇത് കേസില്‍ സുപ്രധാന വഴിത്തിരിവാണെന്നാണ് വിലയിരുത്തല്‍.


കാക്കനാട് ജുവനൈല്‍ ഹോമില്‍ എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഡയറിയെ കുറിച്ച് വിവരം ലഭിച്ചത്. നോട്ട് ബുക്കിലാണ് പീഡിപ്പിച്ചവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 150 ലധികം മൊബൈല്‍ നമ്പരുകളുണ്ട്. കേസില്‍ ഇതുവരെ പിടിയിലായവരുടെ മൊബൈല്‍ നമ്പരുകള്‍ നോട്ട് ബുക്കിലുണ്ടെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. പീഡിപ്പിച്ചവരുമായി വീണ്ടും ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പേരും മൊബൈല്‍ നമ്പരുകളും സൂക്ഷിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. തന്നെ പീഡിപ്പിച്ച കൂടുതല്‍ പേരുടെ വിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തി. സിനിമാ- രാഷ്ട്രീയ രംഗത്തുള്ളവരാണ് ഇതില്‍ കൂടുതലും. പ്രവാസി മലയാളികളായ രണ്ടു ഡോക്ടര്‍മാര്‍ മൈസൂരിലെ റിസോര്‍ട്ടില്‍ വച്ച് പീഡിപ്പിച്ചു. ഇവരെ അറസ്റ്റു ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ തീരുമാനിച്ചു.


എന്നാല്‍ ആരോപണ വിധേയനായ ഹാസ്യനടനൊപ്പം ഫോട്ടോയെടുക്കുക മാത്രമാണ് ചെയ്തതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി അറിയുന്നു. കഴിഞ്ഞ ദിവസം പിടിയിലായ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മനു, പട്ടിമറ്റം സ്വദേശികളായ ലൈജു, റിനില്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു. മനുവിന്റെ സുഹൃത്തായ മറ്റൊരു അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും പീഡിപ്പിച്ചതായി വ്യക്തമായിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അതിനിടെ കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെ കോടതി റിമാന്‍ഡു ചെയ്തു. പട്ടിമറ്റം എടത്തിക്കര അനൂപ്(24), വലിയവീട്ടില്‍ റിനില്‍ (23), അറക്കപ്പടി ആറ്റാവേലില്‍ ലൈജു (28) എന്നിവരെയാണു ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നത്. നേരത്തെ അറസ്റ്റിലായ ഇടനിലക്കാരി പെരുമ്പാവൂര്‍ ചേലാമറ്റം ചെരിയംപറമ്പില്‍ ഓമനയാണു പ്രതികള്‍ക്കു പെണ്‍കുട്ടിയെ എത്തിച്ചത്. കസ്റ്റഡിയിലെടുത്ത പാലക്കാട് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അറസ്റ്റ് ഇന്നലെ രാത്രിയും രേഖപ്പെടുത്തിയിട്ടില്ല.


കേസന്വേഷണം പ്രതികളായ പ്രമാണിമാരിലേക്ക് എത്തിയതോടെ അട്ടിമറിനീക്കങ്ങള്‍ നടക്കുന്നതായും ആരോപണമുണ്ട്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രണ്ടു പ്രമുഖ നേതാക്കളുടെ പേര് ഒരു ഇടനിലക്കാരി പറഞ്ഞത് അന്വേഷണസംഘത്തെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. കേസില്‍ ഈയാഴ്ച തിരിച്ചറിയല്‍ പരേഡ് നടത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക. അതിനിടെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മനുവിനെ തെളിവെടുപ്പിനായി പാലക്കാട്ടെത്തിച്ചു. വാളയാറില്‍വെച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിന്റെ ഭാഗമായാണ് തെളിവെടുപ്പ് നടക്കുന്നത്.


കഴിഞ്ഞ ദിവസം അറസ്റ്റിലായ പട്ടിമറ്റം സ്വദേശി അനൂപ്, സുഹൃത്തുക്കളായ ലൈജു, റിനില്‍ എന്നിവരെ വൈകിട്ട് പറവൂര്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ ഉള്‍പ്പെട്ട തമിഴ്‌നാട് പോലീസിലെ സി.ഐയെ സസ്‌പെന്റ് ചെയ്യാന്‍ അന്വേഷണസംഘം തമിഴ്‌നാട് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ