2011, ജൂലൈ 6, ബുധനാഴ്‌ച
വിദേശത്ത് കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും
പോത്താനിക്കാട്: യമനില്‍ സഹപ്രവര്‍ത്തകനായ ആഫ്രിക്കക്കാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും. മൂവാറ്റുപുഴ അഞ്ചല്‍പ്പെട്ടി പാലപ്പിള്ളില്‍ രാജന്റെ മകള്‍ രാജി കഴിഞ്ഞ 22നാണ് മരിച്ചത്.
ഡ്രിപ്പ്സ്റ്റാന്‍ഡ് കൊണ്ട് തലയ്ക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ഒരുമാസം അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു. രാജിയുടെ മൃതദേഹമെങ്കിലും നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് വീട്ടുകാര്‍ നടത്തുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍മൂലം നോര്‍ക്ക ഓഫീസ് ആസ്പത്രി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജി ജോലി ചെയ്തിരുന്ന യമന്റെ തലസ്ഥാനമായ സനാനയിലെ സൗദിജര്‍മന്‍ ഹോസ്പിറ്റലിന്റെ ചെയര്‍മാന്‍ ഡോ. അബ്ദുള്ള ഖര്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാവിധ സഹായവും നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, കൊലപാതകമായതിനാല്‍ നടപടിക്രമങ്ങള്‍ക്ക് വൈകുമെന്നാണ് എംബസ്സി അധികൃതര്‍ അറിയിച്ചത്. യമനിലെ രൂക്ഷമായ ആഭ്യന്തരക്കുഴപ്പങ്ങള്‍ മൂലം ഇന്ത്യക്കാരെ നാട്ടിലേക്ക് കയറ്റിവിടുന്നതിനാണ് അധികൃതര്‍ മുന്‍ഗണന നല്‍കിയത്. എങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ചൊവ്വാഴ്ച ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് രാജിയുടെ മൃതദേഹം ഒരിക്കല്‍ക്കൂടി പോസ്റ്റുമോര്‍ട്ടം നടത്തിയ വിവരം പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ ഓഫീസില്‍ അറിയിക്കുകയായിരുന്നു. ആസ്പത്രിയില്‍ നടത്തിയതു കൂടാതെ യമന്‍ സര്‍ക്കാരിന്റെ ഫൊറന്‍സിക് വിഭാഗം കൂടി പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. രണ്ട് പോസ്റ്റുമോര്‍ട്ടത്തിന്റെയും റിപ്പോര്‍ട്ട് ലഭിച്ചതിന്‌ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമാണ് മൃതദേഹം ആസ്പത്രിയില്‍ നിന്ന് ഇന്ത്യന്‍ എംബസ്സിക്ക് വിട്ടുനല്‍കൂ.
രാജി മരിച്ചിട്ട് ദിവസങ്ങള്‍ ഏറെയായിട്ടും മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാത്തതുമൂലം വീട്ടുകാര്‍ വിഷമത്തിലായിരിക്കുകയാണ്. നിര്‍ധനരായ മാതാപിതാക്കള്‍ക്ക് ആകെയുള്ള വരുമാനമാര്‍ഗമായ അഞ്ചല്‍പ്പെട്ടിയിലെ ചായക്കട അടച്ചിട്ടിരിക്കുകയാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ