2011, ജൂലൈ 26, ചൊവ്വാഴ്ച
ഓഹരി തട്ടിപ്പ്: റോബിനെ ക്രൈം ബ്രാഞ്ചിന് കൈമാറി
തൊടുപുഴ : ഓഹരി ദല്ലാള്‍ ചമഞ്ഞു 200കോടിയോളം തട്ടിപ്പുനടത്തി മുങ്ങി കള്ളനോട്ടുകേസില്‍ തിരുപ്പതിയില്‍ പിടിയിലായ റോബിനെ മുട്ടം കോടതിയില്‍ ഹാജരാക്കി. ഇയാളെ രണ്ടു ദിവസത്തേയ്‌ക്ക് കോട്ടയം ക്രൈം ബ്രാഞ്ചിനു കൈമാറാന്‍ കോടതി ഉത്തരവായി. അതിനു ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കുന്ന റോബിനെ കാഞ്ഞാര്‍ പോലിസിനും വിട്ടുകൊടുക്കുമെന്നാണറിയുന്നത്. കാഞ്ഞാര്‍ എസ്.ഐ ഉള്‍പ്പെടുന്ന നാലാംഗസംഘമാണു റോബിനെ വിട്ടുകിട്ടാന്‍ വാറന്റുമായി ആന്ധ്രയിലേക്കു പോയിരുന്നത്. ഇന്നലെ ഹാജരാക്കണമെന്ന കോടതിയുടെ വിധിയെ തുടര്‍ന്നാണ് ഇയാളെ ഇവിടെ എത്തിച്ചത്.പണം നഷ്‌ടപ്പെട്ടവര്‍ റോബിനെ ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സംഘമാണ് സ്ഥലത്തെത്തിയിരുന്നത്.റോബിനെ കാണാന്‍ നൂറുകണക്കിനാളുകളാണ് കോടതി പരിസരത്ത് തടിച്ചു കൂടിയത് പോലിസ് വലയം തീര്‍ത്താണ് ഇയാളെ കോടതി മുറിയിലെത്തിച്ചത്. ഇതിനിടെ റോബിനൊടൊപ്പം മുങ്ങിയ ഡിസൂസയെ കുറിച്ചു അന്വേഷിക്കുമെന്നു ഉന്നത പോലീസ് വൃത്തങ്ങള്‍ നിക്ഷേപകരെ അറിയിച്ചു. റോബിനോടൊപ്പം മുങ്ങിയ ഡിസൂസ കോഴിക്കോടു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതായി സൂചന ലഭിച്ചു.കള്ളനോട്ടു കേസില്‍ റോബിന്‍ പിടിക്കപ്പെട്ടതോടെ ഭാര്യ ജൂലിയറ്റ് ബാംഗ്‌ളൂര്‍ ജെ.പി നഗറില്‍ നിന്നും കോഴിക്കോട്ടേക്കു വന്നതായും വിവരമുണ്ട്.ബാംഗ്‌ളൂരുവില്‍ പരിചയപ്പെട്ട മലയാളിയും പെയിന്റിങ് കോണ്‍ട്രാക്‌ടറുമായ സൂരജ് വഴിയാണു അവിടെ വീടു തരപ്പെടുത്തിയത്.എന്നാല്‍ റോബിനും ഭാര്യയും നല്‌കിയതു തെറ്റായ മേല്‍വിലാസമായിരുന്നു. കള്ളനോട്ടു കേസില്‍ പിടിക്കപ്പെട്ടതോടെയാണു റോബിന്‍ ചതിക്കുകയായിരുന്നുവെന്നു സൂരജിനും മനസിലായത്.റോബിനെ ജയിലില്‍ സന്ദര്‍ശിച്ചതിനുശേഷമാണു ജൂലിയറ്റ് കോഴിക്കോട്ടേക്കു പുറപ്പെട്ടത്. റോബിന്റെ സുരക്ഷ പോലീസിനെ വിഷമിപ്പിക്കുന്നുണ്ട്.ക്രൈംബ്രാഞ്ചില്‍ 28 കോടിയുടേയും കാഞ്ഞാര്‍ പോലിസില്‍ 20 കോടിയുടേയും തട്ടിപ്പിനാണ് കേസെടുത്തിരിക്കുന്നത്. റോബിനെ കിട്ടിയാലും 14 ദിവസത്തിനുള്ളില്‍ ആന്ധ്രകോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്‌്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ