

ഇടുക്കി: ഭൂപാളികളുടെ ചെരിവ് മനസിലാക്കി ഭൂകമ്പ സാധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന ഇലക്‌ട്രോണിക് ഉപകരണവുമായി വയനാട്ടില്‍ നിന്നെത്തിയ യുവപ്രതിഭ അധികൃതരുടെ അവഗണനമൂലം നിരാശനായി മടങ്ങി. മീനങ്ങാടി ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ഇന്‍സാഫ് മുസ്‌തഫയാണ് ഭൂകമ്പമേഖലകളായ ഇടുക്കിയിലും മുല്ലപ്പെരിയാറിലും പരീക്ഷണം നടത്താന്‍ അനുമതി ലഭിക്കാതെ മടങ്ങിയത്. ജില്ലാ ഭൂജലവകുപ്പിന്റെ ക്ഷണപ്രകാരമാണ് എത്തിയതെങ്കിലും തൊടുപുഴയില്‍ നിന്നും വാഹനത്തില്‍ ഇടുക്കിയില്‍ എത്തിച്ചതല്ലാതെ ഇവരും അവഗണിച്ചു. പ്രോജക്‌ട് ഗൈഡും അദ്ധ്യാപകനുമായ പി ടി തോമസ്, മറ്റൊരു അദ്ധ്യാപകന്‍ ഫെലിക്‌സ് എന്നിവരോടൊപ്പമാണ് ഇന്‍സാഫ് എത്തിയത്. നിരാധിത മേഖലയായ മുല്ലപ്പെരിയാറിലും ഇടുക്കി പദ്ധതി പ്രദേശത്തും പ്രവേശിക്കാന്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതിരുന്നതിനാല്‍ ഇവര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ജില്ലാ കലക്‌ടറുമായി ബന്ധപ്പെട്ട് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഭൂജലവകുപ്പ് അധികൃതരും തയ്യാറായില്ല.
ഉപകരണവുമായി സര്‍വെ നടത്തിയാല്‍ ഭൂപാളികളുടെ ചരിവ് കൃത്യമായി മനസിലാക്കാന്‍ കഴിയുമെന്നും ഇതിലൂടെ ഭൂകമ്പ സാധ്യത മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്നും ഇന്‍സാഫ് പറയുന്നു. ഭൂമിക്കടിയിലെ വെള്ളത്തിന്റെ സാനിധ്യം കൃത്യമായി പറയാന്‍ കഴിയും. ഇതിനോടകം തന്റെ ശാസ്‌ത്രപ്രതിഭ തെളിയിച്ച് ഇന്‍സാഫ് നിരവധി സമ്മാനങ്ങല്‍ നേടിയിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ നടന്ന ദക്ഷിണേന്ത്യന്‍ ശാസ്‌ത്രമേളയില്‍ ഇന്‍സാഫ് വികസിപ്പിച്ചെടുത്ത ഉപകരണത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആലുവയില്‍ നടന്ന സംസ്ഥാന സ്‌ക്കൂള്‍ സയന്‍സ് ഫെയറില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജനുവരി എട്ടിന് പാലക്കാട് നടക്കുന്ന സംസ്ഥാന ശാസ്‌ത്രമേളയില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവപ്രതിഭ.
കഴിഞ്ഞ വര്‍ഷം വയനാട്ടിലെത്തിയ മുന്‍രാഷ്‌ട്രപതിയും പ്രമുഖ ശാസ്‌ത്രജ്ഞനുമായ എ പി ജെ അബ്‌ദുല്‍ കലാം ഇന്‍സാഫിന്റെ കഴിവുകള്‍ നേരിട്ട് മനിസിലാക്കി അവാര്‍ഡ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ പ്രദേശത്ത് പഠനം നടത്തി തുടര്‍ നീരൊഴുക്ക് കൃത്യമായി കണ്ടെത്തിയിരുന്നു. ജലസ്രോതസ് ഇല്ലാതിരുന്ന വയനാട് ജില്ലാ വിദ്യാഭ്യാസ ഡയറക്‌ടറുടെ ഭൂമിയില്‍ ജലം കണ്ടെത്തി നല്‍കിയതും ഈ കൊച്ചുമിടുക്കനാണ്. മുല്ലപ്പെരിയാറിലെ ഭൂകമ്പ സാധ്യതകളേക്കുറിച്ച് വായിച്ചറിഞ്ഞപ്പോള്‍ മുതല്‍ ഇവിടെ പരീക്ഷണം നടത്താന്‍ അതിയായ മോഹമുണ്ടായിരുന്നതായി ഇന്‍സാഫ് പറഞ്ഞു.
കോഴിക്കോട് ഫാറൂഖ് കോളജ് അധ്യാപകനും കെ എന്‍ എം സംസ്ഥാന സെക്രട്ടറിയുമായ മുസ്‌തഫ ഫാറൂഖിയുടേയും വയനാട് മൂട്ടില്‍ ഗവ. യു പി സ്‌ക്കൂള്‍ അധ്യാപിക റസീനയുടേയും മൂന്നു മക്കളില്‍ മൂത്തയാളാണ് ഇന്‍സാഫ്. ബന്ധപ്പെട്ടവരുടെ അനുവാദം വാങ്ങിയ ശേഷം മുല്ലപ്പെരിയാര്‍ മേഖലയില്‍ പരീക്ഷണത്തിനെത്താമെന്നാണ് ഇന്‍സാഫിന്റെ പ്രതീക്ഷ.
ഇവന് ആള് പുലിയാണ് കേട്ടോ
മറുപടിഇല്ലാതാക്കൂ