2011, ഡിസംബർ 11, ഞായറാഴ്‌ച

മുല്ലപ്പെരിയാര്‍: അതിര്‍ത്തിഗ്രാമങ്ങള്‍ ഭീതിയുടെ നിഴലില്‍


മുല്ലപ്പെരിയാര്‍: അതിര്‍ത്തിഗ്രാമങ്ങള്‍ ഭീതിയുടെ നിഴലില്‍
കട്ടപ്പന: രണ്ടാഴ്‌ച്ചയിലേറെയായി തുടരുന്ന മുല്ലപ്പെരിയാര്‍ സമരപരമ്പരകള്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരക്കാരുടെ സൈ്വര്യജീവിതത്തിന്‌ ഭീഷണിയായി മാറിയിരിക്കുകയാണ്‌. സമാധാനപരമായി തുടങ്ങിയ സമരം കഴിഞ്ഞ രണ്ട്‌ ദിവസങ്ങളായി കൂടുതല്‍ അക്രമാസക്തമായതോടെ കമ്പംമെട്ട്‌, കുമളി, ഗൂഡല്ലൂര്‍, കമ്പം എന്നീ മേഖലകളിലെ ജനങ്ങള്‍ ഭയവിഹ്വലരായാണ്‌ ദിവസങ്ങള്‍ തളളിനീക്കുന്നത്‌. ഒരാഴ്‌ചയായി ഏലം ലേലം മുടങ്ങിയതും ഏലത്തോട്ടങ്ങളിലെ ജോലികള്‍ക്കായി തമിഴ്‌നാട്ടില്‍നിന്ന്‌ എത്തിയിരുന്ന തൊഴിലാളികള്‍ വരാതായതും തോട്ടമുടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. തുടര്‍ച്ചായി ഏഴാം ദിവസവവും കുമളി, ബോഡിമെട്ട്‌, കമ്പംമെട്ട്‌ വഴിയുള്ള ഗതാഗതം മുടങ്ങി. തൊഴിലാളികളെ കിട്ടാത്ത അവസ്ഥയുള്ള കേരളത്തില്‍ ഏലത്തോട്ടങ്ങളിലെ പണികള്‍ നടത്തുന്നതിന്‌ ദിവസവും 15,000 ലധികം തൊഴിലാളികള്‍ തമിഴ്‌ന്നാട്ടില്‍നിന്ന്‌ വന്നുപോകുന്നുണ്ട്‌. കുമളി, കമ്പംമെട്ട്‌, പൂപ്പാറ, ചെല്ലാര്‍കോവില്‍ തുടങ്ങിയ അതിര്‍ത്തികളിലൂടെയാണ്‌ ഇവര്‍ നിത്യവും വന്നുകൊണ്ടിരുന്നത്‌. ഇവരെ കൊണ്ടുവരുന്നതിന്‌ 800 ലധികം വാഹനങ്ങള്‍ ദിനംപ്രതി വന്നുപോയിരുന്നത്‌ ഇപ്പോള്‍ നിലച്ചിരിക്കുകയാണ്‌. പാകമായതും വിളവെടുപ്പ്‌ സമയം കഴിഞ്ഞതുമായ ഏലക്കായ്‌ ചെടികളില്‍നിന്ന്‌ നശിക്കുകയാണ്‌. ഏലം വിലയിടിവ്‌ മൂലം നട്ടംതിരിഞ്ഞിരുന്ന കര്‍ഷകര്‍ക്ക്‌ ഇത്‌ കൂടുതല്‍ തിരിച്ചടിയായിരിക്കുകയാണ്‌. തമിഴ്‌ന്നാട്ടിലെ കമ്പം, തേനി, ഗൂഡല്ലൂര്‍, പാളയം ചന്തകളില്‍നിന്നായിരുന്നു പ്രധാനമായും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക്‌ കുമളി ചെക്ക്‌ പോസ്റ്റ്‌ വഴി പച്ചക്കറിസാധനങ്ങള്‍ വന്നുകൊണ്ടിരുന്നത്‌. സാധാരണ സമയങ്ങളെ അപേക്ഷിച്ച്‌ ശബരിമല സീസണില്‍ ഇവിടുത്തെ കട്ടച്ചവടത്തില്‍ മൂന്നിരട്ടിയിലധികം വര്‍ധന ഉണ്ടാവേണ്ടതായിരുന്നു. കുമളി, കമ്പംമെട്ട്‌ ചെക്ക്‌ പോസ്റ്റുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ലോഡുകണക്കിന്‌ പച്ചക്കറികളാണ്‌ തമിഴ്‌നാട്ടില്‍ കെട്ടിക്കിടന്ന്‌ നശിക്കുന്നത്‌. ഇതോടൊപ്പം, പാല്‍, മുട്ട, ഇറച്ചക്കോഴി, മാംസാവശ്യങ്ങളാക്കായുള്ള പോത്ത്‌ കാള തുടങ്ങിയ ഉരുക്കള്‍, പൂവ്‌ തുടങ്ങിയവയും തമിഴ്‌ന്നാട്ടില്‍ കെട്ടിക്കിടക്കുന്നത്‌ അവിടുത്തെ കര്‍ഷകരേയും വ്യാപാരികളേയും, കേരളത്തിലെ ഉപഭോക്താക്കളേയും കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്‌. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെയും കമ്പത്തുനിന്ന്‌ കുമളി, കമ്പംമെട്ട്‌ ചെക്ക്‌ പോസ്റ്റുകളിലേക്ക്‌ നടത്തിയ പ്രകടനങ്ങള്‍ അക്രമാസക്തമായി. നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴാണ്‌ തമിഴ്‌നാട്ടിലെ ഉന്നതരായ പൊലീസ്‌ ഉദ്യോഗസ്ഥരുടെ കണ്‍മുന്നിലൂടെ നൂറുകണക്കിന്‌ ആള്‍ക്കാര്‍ മാര്‍ച്ച്‌ നടത്തിയെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കേരളത്തില്‍ വസിക്കുന്ന മുഴുവന്‍ തമിഴ്‌ വംശജര്‍ക്കും അവരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ശക്തമായ സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ കേരള പൊലീസ്‌ വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കുകയും ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക്‌ കാരണമാകുന്നവര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ഇട്ട്‌ കേസെടുക്കുകയും ചെയ്യുന്നതുമൂലം കേരളത്തില്‍ സമാധാന അന്തരീക്ഷം നിലനിറുത്താന്‍ സാധിക്കുന്നുണ്ട്‌. എങ്കിലും തമിഴ്‌നാട്ടില്‍ സ്ഥിതിഗതികള്‍ വഷളാവുകയണ്‌. തമിഴ്‌നാട്ടിലെ വിവിധ മേഖലകളിലായി താമസിക്കുന്ന 14 ലക്ഷത്തിലധികം മലയാളികള്‍ തികഞ്ഞ ഭീതിയിലും ആശങ്കയിലുമാണ്‌ കഴിയുന്നത്‌. കേരളത്തില്‍ മുല്ലപ്പെരിയാര്‍സമരം നടക്കുന്നതിന്റെ പേരില്‍ തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും മലയാളികളുടെ വീടുകളും സ്ഥാപനങ്ങളും കൃഷിയിടങ്ങളും കൊള്ളയടിക്കപ്പെടുന്നു. കമ്പം ഗൂഡല്ലൂരിനു സമീപം ഗാന്ധിമരത്തുറയില്‍ വീടും കൃഷിസ്ഥലവുമായി കഴിഞ്ഞിരുന്ന നെടുംകണ്ടം സ്വദേശി സജിയുടെ വീട്ടുപകരണങ്ങളും കൃഷിയും ഇരുപതോളം വരുന്ന അക്രമിസംഘം തകര്‍ത്തു. ഈ പ്രശ്‌നം പരിഹരിച്ച്‌ മടങ്ങിച്ചെല്ലുമ്പോള്‍ സ്വന്തമായി ഉണ്ടായിരുന്ന ഭൂമിയെങ്കിലും മടക്കി കിട്ടുമോയെന്ന ആശങ്കയിലാണ്‌ സജി. തേനിക്കുസമീപം വീരപാണ്ടി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ഡയറി ഫാം ഒരു സംഘം അക്രമികള്‍ തല്ലിതകര്‍ത്തു. ഗൂഡല്ലൂര്‍ വെട്ടുകാട്‌, ഗാന്ധിമരത്തുറ, കെ കെ പെട്ടി, തേനി, ഒട്ടംചിത്തിരം തുടങ്ങിയ മേഖലകളിലൊക്കെ സ്ഥലം വാങ്ങിയും പാട്ടത്തിലെടുത്തും നിരവധി മലയാളികള്‍ കൃഷിയും ആട്‌- പന്നിഫാമുകള്‍ നടത്തിവരികയും ചെയ്‌തുവന്നിരുന്നു. ഇതില്‍ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്‌. ഇത്‌ നടത്തിവന്നിരുന്ന മലയാളികള്‍ കാട്ടിലൂടെ ഓടിയാണ്‌ കഴിഞ്ഞ ദിവസം കുമളിയില്‍ എത്തിച്ചേര്‍ന്നത്‌. നെടുങ്കണ്ടം സ്വദേശി ഗോപാലകൃഷ്‌ണന്‍, കാഞ്ഞിരപ്പള്ളി പാറത്തോട്‌ സ്വദേശി വക്കച്ചന്‍, അണക്കര സ്വദേശി മോനായി, പുളിയന്‍മല സ്വദേശി ജേക്കബ്‌, പാലാ സ്വദേശികളായ ജോര്‍ജുകുട്ടി, തോമസ്‌ കുര്യന്‍, കമ്പംമെട്ട്‌ സ്വദേശി ജോര്‍ജ്‌ തുടങ്ങിയവര്‍ ഇങ്ങനെ മടങ്ങിയെത്തിയവരുടെ കൂട്ടത്തില്‍ പെടുന്നു. വര്‍ഷങ്ങളുടെ ഇവരുടെ സമ്പാദ്യം പൂര്‍ണ്ണമായും നഷ്‌ടപ്പെട്ട്‌ ഉടുതുണി മാത്രമായാണ്‌ ഇവര്‍ തിരികെ എത്തിയിട്ടുള്ളത്‌. ദിണ്‌ഡിക്കല്‍, വത്തലക്കുണ്ട്‌, ആണ്ടിപ്പെട്ടി, മേലൂര്‍, മധുര, ഉസലംപെട്ടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ബാങ്കുകളുടെ ശാഖകള്‍ക്കും ജൂവലറികള്‍ക്കും മലയാളികള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ്‌ ഉണ്ടായത്‌.
തേനിക്കടുത്ത്‌ മാര്‍ഗംകോട്ടയില്‍ പെരുമ്പാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ള ഫാമില്‍നിന്ന്‌ 30 ലധികം പശുക്കളേയും, ഗൂഡല്ലൂരിനുസമീപം പ്രവര്‍ത്തിച്ചിരുന്ന കുമളി സ്വദേശിയുടെ ഫാമില്‍നിന്ന്‌ 40 ലധികം പന്നികളേയും അക്രമികള്‍ കടത്തിക്കൊണ്ടുപോയി. കെ കെ പെട്ടി, കമ്പം, ഗൂഡല്ലൂര്‍, പാളയം, മാര്‍ഗംകോട്ട, ചുരുളിപ്പെട്ടി, അമ്മപ്പെട്ടി, നാറാണത്തുപെട്ടി, വത്തലക്കുണ്ട്‌, മേലൂര്‍ എന്നീ പ്രദേശങ്ങളിലെ മലയാളികള്‍ കൃഷി ചെയ്‌തിരുന്ന 25,000 ലധികം കുലയ്‌ക്കാറായ വാഴകളാണ്‌ കഴിഞ്ഞ രണ്ട്‌ ദിവസംകൊണ്ട്‌ നശിപ്പിക്കപ്പെട്ടത്‌. ഈ മേഖലകളില്‍ നിരവധി മലയാളികള്‍ക്ക്‌ മാവ്‌, കശുമാവ്‌ ,തെങ്ങ്‌ ഇവയുടെ കൃഷികളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്‌.
ചുരുളിപ്പെട്ടി, ഉത്തമപാളയം പ്രദേശങ്ങളിലെ മലയാളികളുടെ മുന്തിരിത്തോപ്പുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്‌. പാളയത്ത്‌ നാളികേര കച്ചവടം നടത്തിവന്നിരുന്ന മലയാളിയില്‍നിന്ന്‌ 4 ലക്ഷത്തിലധികം രൂപ അക്രമികള്‍ തട്ടിയെടുത്തു. കമ്പം ഇന്ദിരാ കോളനിയില്‍ ചുടുകട്ടക്കളം നടത്തിവന്നിരുന്ന ആെളില്‍നിന്ന്‌ 40,000 രൂപ കൊള്ളയടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു. ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
പാളയത്തിനു സമീപം പെട്ടി പഞ്ചായത്തിലും, തമ്മിനായ്‌ക്കലും പച്ചക്കറി കൃഷിയും തെങ്ങന്‍തോപ്പും നടത്തിവന്നിരുന്ന ഏറ്റുമാനൂര്‍ നീണ്ടൂര്‍ സ്വദേശി സുനീഷിനെ ആക്രമിക്കുകയും കൃഷി സ്ഥലം കൊള്ളയടിക്കുകയും വാഹനങ്ങള്‍ അക്രമികള്‍ കത്തിക്കുകയും ചെയ്‌തു. തമിഴ്‌നാട്‌ പൊലീസ്‌ എത്തിയാണ്‌ സുനീഷിനെ രരക്ഷപ്പെടുത്തിയത്‌. ഉത്തമപാളയം, തേനി, കുമളി, കമ്പം, കമ്പംമെട്ട്‌, ഗൂഡല്ലൂര്‍ മേഖലകളില്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊലീസുകാരെ കാഴ്‌ച്ചക്കാരാക്കി അക്രമികള്‍ അഴിഞ്ഞാടുകയാണ്‌. തമിഴ്‌നാടിന്റെ വിവിധ മേഖലകളില്‍ ഹോസ്റ്റലുകളില്‍ നിന്ന്‌ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ തികഞ്ഞ ഭീതിയിലാണ്‌ ദിവസങ്ങള്‍ തള്ളി നീക്കുന്നത്‌. ഇവര്‍ക്ക്‌ മടങ്ങാന്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ കേരളത്തിലേക്കുള്ള ആര്‍ എം ടി സി സര്‍വീസുകളും, കേരളത്തില്‍നിന്നുള്ള കെ എസ്‌ ആര്‍ ടി സി സര്‍വീസുകളും മുടങ്ങിയിരിക്കുന്നതിനാല്‍ സാധിക്കുന്നില്ല. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്‌ കുമളി, കമ്പംമെട്ട്‌ ചെക്ക്‌ പോസ്റ്റുകള്‍ താത്‌കാലികമായി അടച്ചിട്ടിരിക്കുകയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ