2011, ഡിസംബർ 17, ശനിയാഴ്‌ച

കെ ജെ മാത്യുവിന് അന്ത്യാഞ്ജലി


കട്ടപ്പന: മലയോരമേഖലയുടെ ജീവല്‍പ്രശ്നങ്ങള്‍ പേനത്തുമ്പില്‍ കോറി ജനകീയപോരാട്ടങ്ങള്‍ക്ക് ചാലുകീറിയ പത്രപ്രവര്‍ത്തകന് നിറകണ്ണുകളോടെ വിട. വെള്ളിയാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച ദേശാഭിമാനി ഇടുക്കി ജില്ലാ ബ്യൂറോ ചീഫ് കെ ജെ മാത്യുവിന് രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ശനിയാഴ്ച അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെ ഒന്നിന് തൊടുപുഴയിലെത്തിച്ചപ്പോള്‍ വിവിധ മാധ്യമങ്ങളിലെ സുഹൃത്തുക്കള്‍ കെ ജെ മാത്യുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. പുലര്‍ച്ചെ നാലരയോടെ മൃതദേഹം കട്ടപ്പനയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മൃതദേഹം തുറന്ന വാഹനത്തില്‍ വിലാപയാത്രയായി വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ എത്തിച്ച് സംസ്കരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി, എംഎല്‍എമാരായ കെ കെ ജയചന്ദ്രന്‍ , ഇ എസ് ബിജിമോള്‍ , റോഷി അഗസ്റ്റിന്‍ , ദേശാഭിമാനി കോട്ടയം യൂണിറ്റ് മാനേജര്‍ സി ജെ ജോസഫ്, കൊച്ചി യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍ , അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ്, ജനറല്‍ മാനേജര്‍ ഇ പി ജയരാജനുവേണ്ടി ചീഫ് ന്യൂസ് എഡിറ്റര്‍ പി പി അബൂബക്കര്‍ , ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തിക്കുവേണ്ടി കോട്ടയം യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ സി രാജഗോപാലന്‍ , കെപിസിസി ജനറല്‍ സെക്രട്ടറി ഇ എം ആഗസ്തി, ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ്, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ , സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ കൃഷ്ണന്‍കുട്ടി, ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീനഗരി രാജന്‍ ,കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി, ഇടുക്കി പ്രസ്ക്ലബ് പ്രസിഡന്റ് എസ് ഡി സതീശന്‍നായര്‍ , എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എം എസ് സജീവന്‍ , മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി പി റോയി, ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്റര്‍മാരായ സി ഡി ഷാജി, പി ജയനാഥ്, കോഴിക്കോട് ബ്യൂറോ ചീഫ് കെ പ്രേമനാഥ് എന്നിവര്‍ വീട്ടിലെത്തി റീത്ത് സമര്‍പ്പിച്ചു

കൊച്ചി: ദേശാഭിമാനി ഇടുക്കി ജില്ലാ ബ്യൂറോ ചീഫ് കട്ടപ്പന നരിയമ്പാറ കോയിപ്പുറത്ത് കെ ജെ മാത്യു (48) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 9.30ഓടെ കലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസിലെ രോഗബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം ശനിയാഴ്ച പകല്‍ മൂന്നിന് കട്ടപ്പന വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ .

1988ല്‍ കട്ടപ്പന ലേഖകനായി ദേശാഭിമാനിയിലെത്തിയ കെ ജെ മാത്യു 1996ല്‍ സബ്എഡിറ്ററായി. ചെന്നൈ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചി, കോട്ടയം യൂണിറ്റുകളിലും സേവനമനുഷ്ഠിച്ചു. "96-97ല്‍ ഇടുക്കി പ്രസ്ക്ലബ് പ്രസിഡന്റായിരുന്നു. 1987-89 കാലയളവില്‍ ഡിവൈഎഫ്ഐയിലൂടെ രാഷ്ട്രീയരംഗത്തും പ്രവര്‍ത്തിച്ചു. ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം, സിപിഐ എം കട്ടപ്പന ലോക്കല്‍കമ്മിറ്റി അംഗം, വാഴവര ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കട്ടപ്പന വാഴവരയില്‍ പരേതനായ കോയിപ്പുറത്ത് കെ എം ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: മിനി മാത്യു (ചെമ്മണ്ണാര്‍ ഇല്ലിക്കല്‍ കുടുംബാംഗം). മക്കള്‍ : അന്ന (ആറാംക്ലാസ്), മരിയ (മൂന്നാം ക്ലാസ്്), മിലാനി (നേഴ്സറി). മൂവരും കട്ടപ്പന ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ . സഹോദരങ്ങള്‍ : തോമസ് ജോസഫ് (ബിസിനസ്, ബംഗളൂരു), ജെയിംസ് ജോസഫ്, ജോസ് ജോസഫ്, ജോര്‍ജ് ജോസഫ്, ഡെയ്സി, സിസ്റ്റര്‍ തെരേസ് ജോസ് (സെന്റ് ജോര്‍ജ് എച്ച്എസ്, കട്ടപ്പന), ആനിമരിയ. കെ ജെ മാത്യുവിന്റെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ എംഎല്‍എ, ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ , ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി, കോട്ടയം ജില്ലാ സെക്രട്ടറി കെ ജെ തോമസ് എന്നിവര്‍ അനുശോചിച്ചു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി രാജീവ് എംപി, ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍ എന്നിവര്‍ ആശുപത്രിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ