2011, ഡിസംബർ 20, ചൊവ്വാഴ്ച

മുട്ടത്തിന്റെ വികസന ശില്‍പ്പി; പൂവത്തുങ്കല്‍ അച്ചായന്‍ ഓര്‍മ്മയായി


തൊടുപുഴ : ഒരു സാധാരണ കുടിയേറ്റ ഗ്രാമത്തെ പടിപടിയായി നഗര സൗകര്യങ്ങളിലേക്കുയര്‍ത്തുവാന്‍ അക്ഷീണം പ്രയത്‌നിച്ച പൂവത്തുങ്കല്‍ അച്ചായന്‍ ഓര്‍മ്മയായി. വളരെ ചെറുപ്പത്തില്‍ തന്നെ പൊതുരംഗത്തെത്തിയ ചരിത്രമാണ്‌ പി.എം. ഫ്രാന്‍സീസ്‌ എന്ന പൂവത്തുങ്കല്‍ അച്ചായന്റേത്‌. തുടങ്ങനാട്ടില്‍ പൂവത്തുങ്കല്‍ മിഖായേല്‍-മറിയം ദമ്പതികളുടെ ആറു മക്കളില്‍ ഇളയവനായിരുന്നു പി.എം. ഫ്രാന്‍സീസ്‌. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ പുരോഗതി സ്വപ്‌നം കണ്ട ഫ്രാന്‍സീസിനെ യുവത്വത്തില്‍ തന്നെ നാട്ടുകാര്‍ അച്ചായന്‍ എന്നു വാല്‍സല്യപൂര്‍വ്വം വിളിച്ചത്‌ ആ വ്യക്തി വിശേഷണത്തിനുള്ള അംഗീകാരമായിരുന്നു.
മുട്ടം പഞ്ചായത്തിന്റെ വികസന ചരിത്രം ആരംഭിക്കുന്നത്‌ അച്ചായനിലൂടെയാണെന്നു പറഞ്ഞാല്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. 1952-ല്‍ പ്രഥമ പഞ്ചായത്ത്‌ പ്രസിഡന്റായി അച്ചായന്‍ ചുമതലയേറ്റു. തുടര്‍ച്ചയായി കാല്‍ നൂറ്റാണ്ടോളം മുട്ടത്തെ നയിക്കുവാന്‍ ജനങ്ങള്‍ അവസരം നല്‍കിയത്‌ ഒരു മികവുറ്റ ഭരണകര്‍ത്താവിനുള്ള അംഗീകാരമായിരുന്നു. ദീര്‍ഘനാള്‍ ആ പദവിയിലിരുന്ന്‌ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക വഴി മുട്ടത്തിന്റെ ശില്‍പ്പി എന്ന വിശേഷണത്തിനും അച്ചായന്‍ അര്‍ഹനായി. ഇന്ന്‌ തൊടുപുഴയുടെ ഉപനഗരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന മുട്ടത്തിന്‌ അടിസ്ഥാന ശിലകള്‍ പാകിയ പ്രമുഖരില്‍ പ്രധാനി അച്ചായനാണ്‌. കോണ്‍ഗ്രസിന്റെ മണ്‌ഡലം പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
മുട്ടം, തുടങ്ങനാട്‌ സഹകരണ ബാങ്കുകളുടെ പ്രസിഡന്റായിട്ടാണ്‌ പൊതുരംഗത്ത്‌ തുടക്കം കുറിച്ചത്‌. പതിനായിരത്തിലധികം അംഗങ്ങളുള്ള തൊടുപുഴ താലൂക്ക്‌ റബ്ബര്‍മാര്‍ക്കറ്റിംഗ്‌ സൊസൈറ്റിയുടെ സ്ഥാപക ഡയറക്‌ടറായിരുന്നു. മുട്ടം പഞ്ചായത്ത്‌ ഉള്‍പ്പെടുന്ന ആലക്കോട്‌ ബ്ലോക്കിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അന്ന്‌ തൊടുപുഴ താലൂക്കിലെ, കാര്യമായ വികസനങ്ങളൊന്നും എത്തപ്പെടാത്ത മുട്ടത്തിനെ പുറംലോകവുമായി ബന്ധിപ്പിക്കുവാന്‍ നിരവധി റോഡുകള്‍ക്കും പാലങ്ങള്‍ക്കും ശ്രമം നടത്തുകയും വിജയം കാണുകയും ചെയ്‌തത്‌ ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തന ശൈലിയുടെ നേട്ടമാണ്‌. പരപ്പാന്‍തോട്‌, വെള്ളാരംതോട്‌ (ചള്ളാവയല്‍) പാലങ്ങള്‍ അച്ചായന്റെ ദീര്‍ഘവീക്ഷണത്തിന്‌ ഉദാഹരണങ്ങളാണ്‌.
കേരളത്തില്‍ ചുരുക്കം പഞ്ചായത്തുകള്‍ക്ക്‌ മാത്രം പഞ്ചായത്ത്‌ സ്‌കൂള്‍ അനുവദിച്ചപ്പോള്‍ അതിലൊന്ന്‌ ഇന്നും വേണ്ടത്ര സഞ്ചാരസൗകര്യമില്ലാത്ത ഇല്ലിചാരിയില്‍ അനുവദിപ്പിക്കുന്നതിലും അച്ചായന്‍ വിജയം കണ്ടു. ആതുരസേവനരംഗത്ത്‌ സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ ഈ പ്രദേശത്തുള്ള സ്ഥാപനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചതും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി സി.എസ്‌.ഐ. മഹാഇടവകയെ കൊണ്ട്‌ ചള്ളാവയലില്‍ ഐ.ടി.സി. സ്ഥാപിച്ചതും ദീര്‍ഘവീക്ഷണത്തിന്‌ ഉദാഹരണങ്ങളാണ്‌. മുട്ടം പഞ്ചായത്തില്‍ ശുദ്ധജലവിതരണ പദ്ധതിക്ക്‌ തുടക്കം കുറിച്ചതും അച്ചായന്റെ കാലഘട്ടത്തിലാണ്‌.
പൊതുരംഗത്ത്‌ ശ്രദ്ധേയനായിരുന്നപ്പോഴും കാര്‍ഷികരംഗത്തും മികച്ച പ്രവര്‍ത്തനമാണ്‌ നടത്തിയത്‌. ഭൂമിയും കൃഷിയും ബലഹീനതയായിരുന്നുവെന്ന്‌ പറയാം. ഭാരത സ്വാതന്ത്ര്യകാലഘട്ടത്തിലെ മലബാര്‍-ഹൈറേഞ്ച്‌ കുടിയേറ്റങ്ങള്‍ക്ക്‌ അച്ചായന്‍ പ്രചോദനവും നേതൃത്വവും നല്‍കി. മലബാറില്‍ പേരാവൂര്‍, വയനാട്‌, നിലമ്പൂര്‍, പാലക്കയം, ഹൈറേഞ്ചില്‍ മരിയാപുരം, തങ്കമണി, പ്രകാശ്‌, തോപ്രാംകുടി, വാത്തിക്കുടി, മുരിക്കാശ്ശേരി തുടങ്ങി വിവിധ പ്രദേശങ്ങളില്‍ അച്ചായന്‍ കാര്‍ഷികരംഗത്തും മികവ്‌ തെളിയിച്ചു. അത്‌ ഈ പ്രദേശങ്ങളുടെ പുരോഗതിക്കും വഴിയൊരുക്കി. തികഞ്ഞ രാഷ്‌ട്രീയ ബോധമുള്ളപ്പോഴും എല്ലാവരോടും പക്ഷഭേദമില്ലാതെ ജനകീയനായി പ്രവര്‍ത്തിക്കുവാനും ശ്രദ്ധിച്ചിരുന്നു. 88-ാം വയസ്സില്‍ അച്ചായന്‍ വിടപറഞ്ഞപ്പോള്‍ ഒരു കാലഘട്ടത്തിന്റെ കാവാലാളാണ്‌ കടന്നുപോയത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ