2011, ഡിസംബർ 7, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷ ശക്തമാക്കുമെന്നും


ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷ ശക്തമാക്കുമെന്നും അണക്കെട്ടിലേക്ക്‌ ഒരു പ്രതിഷേധ സമരങ്ങളും അനുവദിക്കില്ലെന്നും ഡി ജി പി ജേക്കബ്ബ്‌ പുന്നൂസ്‌ പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സംരക്ഷണ മേഖലയില്‍ അതിക്രമിച്ചുകടന്ന്‌ ബേബി ഡാമില്‍ കൊടി നാട്ടിയത്‌വന്‍ സുരക്ഷാ വീഴ്‌ചയായി പിലയിരുത്തപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഡി ജി പി യുടെ സന്ദര്‍ശനം.
അണക്കെട്ടിന്‌ എന്തെങ്കിലും സംഭവിച്ചാലും മുന്‍കൂട്ടി അറിയിക്കാനും അലര്‍ട്ട്‌ ചെയ്യാനും കൂടുതല്‍ പോലീസിന്റെ സാന്നിധ്യം ആവശ്യമാണ്‌. കടുവാ സങ്കേതമെന്ന നിലയില്‍ സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. രാത്രികാലങ്ങളില്‍ അണക്കെട്ട്‌ നിരീക്ഷിക്കുന്നതിന്‌ കൂടുതല്‍ വെളിച്ചം എത്തിക്കുന്നതിനും അണക്കെട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തേക്ക്‌ അറിയിക്കുന്നതിനുമുള്ള ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. മുല്ലപ്പെരിയാറിലെ ബേബിഡാമില്‍ യുവമോര്‍ച്ച മോര്‍ച്ച പ്രവര്‍ത്തകര്‍ അധിക്രമിച്ചു കയറിയതില്‍ സുരക്ഷാ വീഴ്‌ച ഉണ്ടായിട്ടില്ലെന്നും ഇവരുടെ പേരില്‍ കേസെടുത്ത്‌ അറസ്റ്റ്‌ ചെയ്യുമെന്നും ഇത്തരത്തില്‍ ഇനിയും സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുമെന്നും ഡി.ജി.പി പറഞ്ഞു. പിന്നീട്‌ ശബരിമല അയ്യപ്പഭക്തരുടെ ഇടത്താവളമായ സത്രത്തിലും ഡി.ജി.പി ജേക്കബ്ബ്‌ പുന്നൂസ്‌ സന്ദര്‍ശനം നടത്തി. കഴിഞ്ഞ മകരവിളക്കു നാളില്‍ 102 അയ്യപ്പഭക്തര്‍ തിക്കിലും തിരക്കിലും പെട്ട്‌ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ നേരിട്ട്‌ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. ഇത്തവണ ശബരിമലയിലും പുല്ലുമേട്ടിലും പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങളാകും ഏര്‍പ്പെടുത്തുകയെന്ന്‌ ഡി.ജി.പി അറിയിച്ചു. എ.ഡി.ജി.പി ഹേമചന്ദ്രന്‍, ഐ.ജി.ശ്രീലേഖ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ പോലീസ്‌ മേധാവികള്‍ എന്നിവരും ഡി.ജി.പിയോടൊപ്പമുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ